കോഴിക്കോട്: എരഞ്ഞിപ്പാലം ലോഡ്ജിലെ ഫസീല കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. പ്രതി സംസ്ഥാനം വിട്ടെന്നാണ് സൂചന. കൊല്ലപ്പെട്ട ഫസീലക്കൊപ്പം എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയില്‍ ഉണ്ടായിരുന്ന അബ്ദുള്‍ സനൂഫിനായിയുള്ള തിരച്ചിലാണ് പൊലീസ് ഊര്‍ജ്ജിതമാക്കിയത്. പൈസ എടുക്കാന്‍ പോവുകയാണെന്ന് പറഞ്ഞാണ് സനൂഫ് ലോഡ്ജില്‍ നിന്ന് പുറത്തുപോയത്. സനൂഫ് രക്ഷപ്പെടാന്‍ ഉപയോഗിച്ചത് സുഹൃത്തിന്റെ വാഹനമാണെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അബ്ദുള്‍ സനൂഫിനെതിരെ കൊലക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ മരണം കൊലപാതകമാണെന്ന സൂചന വന്നതോടെയാണ് കൊലക്കുറ്റം ചുമത്തിയത്. മലപ്പുറം വെട്ടത്തൂര്‍ സ്വദേശിയായ ഫസീലയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് സ്വാഭാവിക മരണമല്ലെന്നും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നും സൂചനയുള്ളത്. മരണത്തില്‍ അന്വേഷണം വേണമെന്ന് ഫസീലയുടെ പിതാവ് മുഹമ്മദ് മാനു ആവശ്യപ്പെട്ടു. അബ്ദുള്‍ സനൂഫിനെ കണ്ടെത്താന്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെയാണ് ഫസീലയെ എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃശൂര്‍ തിരുവില്വാമല സ്വദേശി അബ്ദുള്‍ സനൂഫ് എന്ന യുവാവിനൊപ്പമാണ് ഫസീല മുറിയെടുത്തത്. മുഹമ്മദ് സനൂഫ് തിങ്കളാഴ്ച രാത്രി ലോഡ്ജില്‍ നിന്നും പോയതാണ്. പിന്നീട് ഇയാള്‍ തിരിച്ചുവന്നിട്ടില്ല. ലോഡ്ജിലെ തൊഴിലാളികളാണ് ഫസീലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.