കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ വെച്ച് യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ തിരുവില്വാമല സ്വദേശി അബ്ദുല്‍ സനൂഫ് പിടിയില്‍. ചെന്നൈയിലെ ആവഡിയില്‍ വച്ചാണ് പ്രതിയെ പൊലീസ് സംഘം പിടികൂടിയത്. ഇയാളെ വൈകാതെ കോഴിക്കോട് എത്തിക്കും.
വെട്ടത്തൂര്‍ സ്വദേശിയായ ഫസീല (35)യാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. യുവതിയുടെ മരണം കൊലപാതകമാണെന്നു അടുത്ത ദിവസം തന്നെ പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു. ശ്വാസം മുട്ടിച്ചാണ് കൊല നടത്തിയതെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
പൈസ എടുക്കാന്‍ പോവുകയാണെന്ന് പറഞ്ഞാണ് സനൂഫ് സ്ഥലം വിട്ടത്. കൂട്ടുകാരന്റെ കാറിലാണ് സനൂഫ് രക്ഷപ്പെട്ടത്. സനൂഫിനെ കണ്ടെത്താന്‍ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തുവിട്ടിരുന്നു. ഇതേത്തുടര്‍ന്നു തമിഴ്‌നാട്ടിലും കര്‍ണാടകയിലും സനൂഫിനായി പൊലീസ് വ്യാപക തിരച്ചില്‍ നടത്തുന്നുണ്ടായിരുന്നു. അതിനിടെയാണ് ചെന്നൈയില്‍ നിന്നു കസ്റ്റഡിയിലെടുത്തത്.
സനൂഫും ഫസീലയും മൂന്ന് ദിവസത്തേക്ക് വേണ്ടിയാണ് ലോഡ്ജില്‍ മുറിയെടുത്തത്. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് ഇരുവരും ലോഡ്ജില്‍ എത്തിയത്. ചൊവ്വാഴ്ച രാവിലെ ജീവനക്കാര്‍ നോക്കിയപ്പോള്‍ മുറി പുറത്ത് നിന്ന് പൂട്ടിയിരുന്നു. പിന്നീടാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച സനൂഫ് ലോഡ്ജിലുണ്ടായിരുന്നതായി ജീവനക്കാര്‍ പറയുന്നു. സനൂഫ് ലോഡ്ജില്‍ നല്‍കിയ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടെങ്കിലും ഇതു വ്യാജമാണെന്നു കണ്ടെത്തി.