തിരുവനന്തപുരം: കാന്‍ ചലച്ചിത്രമേളയിലെ ഗ്രാന്‍ഡ് പ്രി ജേതാവ് പായല്‍ കപാഡിയയെ ഇരുപത്തിയൊന്‍പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് നല്‍കി ആദരിക്കും. അഞ്ച് ലക്ഷം രൂപയാണ് സമ്മാനത്തുക. ഡിസംബര്‍ 20ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന മേളയുടെ സമാപന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും.
സിനിമയെ സമരായുധമാക്കി സമൂഹത്തിലെ അനീതികള്‍ക്കെതിരെ പൊരുതുന്ന ചലച്ചിത്രപ്രവര്‍ത്തകരെ ആദരിക്കുന്നതിനുവേണ്ടി 26-ാമത് ഐഎഫ്എഫ്‌കെയിലാണ് സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. കുര്‍ദിഷ് സംവിധായിക ലിസ കലാന്‍ ആയിരുന്നു പ്രഥമ ജേതാവ്. ഇറാന്‍ ഭരണകൂടത്തിന്റെ നിരന്തരമായ പീഡനത്തിന് വിധേയയായിട്ടും അവകാശപ്പോരാട്ടം തുടരുന്ന ചലച്ചിത്രകാരി മഹ്നാസ് മുഹമ്മദി, കെനിയയിലെ യാഥാസ്ഥിതിക മൂല്യങ്ങള്‍ക്കെതിരെ പൊരുതുന്ന സംവിധായിക വനൂരി കഹിയു എന്നിവരാണ് മുന്‍വര്‍ഷങ്ങളില്‍ ഈ പുരസ്‌കാരത്തിന് അര്‍ഹരായത്.