തിരുവനന്തപുരം: ചൂരല്‍മല-മുണ്ടക്കൈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രം മനപ്പൂര്‍വ്വം സഹായം വൈകിക്കുകയാണ്. നിവേദനം നല്‍കാന്‍ വൈകിയതുകൊണ്ടാണ് സഹായം നല്‍കാത്തത് എന്ന അമിത്ഷായുടെ പ്രസ്താവന തീര്‍ത്തും വസ്തുതാ വിരുദ്ധമാണ്. ഇതില്‍ കേരളത്തിന്റെ പ്രതിഷേധം രേഖപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചൂരല്‍മല-മുണ്ടക്കൈ ദുരന്തം വിവാദമാക്കി മാറ്റാന്‍ കേന്ദ്രം ശ്രമം നടത്തുകയാണ്. ഇതിനു മുമ്പും വയനാട് വിഷയത്തില്‍ അമിത് ഷാ പൊതു ജനങ്ങളിലേക്ക് തെറ്റായ സന്ദേശം നല്‍കിയിട്ടുണ്ട്. ഇല്ലാത്ത കാലാവസ്ഥാ റിപ്പോര്‍ട്ട് വ്യാജമായി ഉദ്ധരിച്ച് പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിക്കാന്‍ അമിത് ഷാ മുന്‍പ് ശ്രമിച്ചിട്ടുണ്ട്. കേന്ദ്രം ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും കേരളം എന്ത് ചെയ്തു എന്നുമാണ് അമിത് ഷാ പറഞ്ഞത്. എന്നാല്‍ അങ്ങനെ ഒരു മുന്നറിയിപ്പും കേരളത്തിന് ലഭിച്ചിരുന്നില്ല. മുന്‍പ് തെളിവ് സഹിതം ഇക്കാര്യം വ്യക്തമാക്കിയതാണ്. അന്നത്തെ ആവര്‍ത്തനമായി വേണം പുതിയ പ്രസ്താവനയെ കാണാന്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു.
ചൂരല്‍മല-മുണ്ടക്കൈ ദുരന്തം എല്‍ഡിഎഫിന്റെയോ യുഡിഎഫിന്റെയോ പ്രശ്‌നമല്ല. ഇത് സംസ സംസ്ഥാനത്തിന്റെ വിഷയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന സഹായം നമുക്കും കിട്ടണം. കേരളത്തോട് പ്രത്യേക സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കുന്നതില്‍ എതിരില്ല. കൂട്ടത്തില്‍ നമുക്കും സഹായം ലഭിക്കണം. ത്രിപുര, ബിഹാര്‍ ഒടുവില്‍ തമിഴ്നാടിനും സഹായം ലഭിച്ചു. ഇതിനെ ഒന്നും ചോദ്യം ചെയ്യുന്നില്ല. പക്ഷെ നമ്മളും ഈ രാജ്യത്തിന്റെ ഭാഗമാണ്. ഇങ്ങനെ ആണോ ഒരു സംസ്ഥാനത്തോട് പെരുമാറേണ്ടതെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു