തിരുവനന്തപുരം: എല്‍കെജി വിദ്യാര്‍ത്ഥിയുടെ സ്വകാര്യഭാഗത്ത് അധ്യാപിക മുറിവേല്‍പ്പിച്ചതായി പരാതി. സംഭവത്തില്‍ തിരുവനന്തപുരം കല്ലാട്ടുമുക്ക് ഓക്സ്ഫെഡ് സ്കൂളിലെ അധ്യാപികയ്ക്കെതിരെ പൊലീസ് കേസെടുത്തു. നാലു വയസ്സുകാരി ഉച്ചയ്ക്ക് ശുചിമുറിയില്‍ പോയതിന് വഴക്ക് പറഞ്ഞ ശേഷം കുഞ്ഞിനെ ഉപദ്രവിക്കുകയായിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്.
സ്കൂള്‍ വിട്ടുവന്നതിന് ശേഷം കുഞ്ഞിനെ മുത്തശ്ശി കുളിക്കാന്‍ വിളിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കുളിക്കാന്‍ വിസമ്മതിച്ചു കുട്ടി കരഞ്ഞു. തുടര്‍ന്ന് മുത്തശ്ശി ചോദിച്ചപ്പോഴാണ് അടിവയറ്റില്‍ വേദനിക്കുന്നുവെന്ന് കുട്ടി പറഞ്ഞത്. പിന്നീട് പരിശോധിച്ചപ്പോഴാണ് സ്വകാര്യഭാഗത്ത് മുറിവേല്പിച്ച പാട് കണ്ടത്.
കുട്ടിയുമായി മുത്തശ്ശി സ്കൂളിലെത്തി വിവരം തിരക്കുകയായിരുന്നു. സിസിടിവി പരിശോധനയില്‍ അധ്യാപിക കുഞ്ഞിനെ ഉപദ്രവിക്കുന്നത് കണ്ടുവെന്ന് വീട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്കി. ഇന്നു രാവിലെ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസില്‍ വീട്ടുകാര്‍ അധ്യാപികയ്ക്കെതിരെ പരാതി നല്കി. അധ്യാപികയെ സസ്പെന്‍ഡ് ചെയ്തതായി സ്കൂള്‍ പ്രിന്‍സിപ്പല്‍ അറിയിച്ചു.