ന്യൂഡല്‍ഹി: രാജസ്ഥാനിലെ ദൗസയില്‍ കുഴല്‍ക്കിണറില്‍ വീണ അഞ്ച് വയസുകാരന് മരിച്ചു. 57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെ കാളിഖാഡ് ഗ്രാമത്തിലെ വയലില്‍ കളിക്കുന്നതിനിടെ 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ ആര്യന് വേണ്ടി ഒരു മണിക്കൂറിന് ശേഷമാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.
കുട്ടിയെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെന്നും രണ്ട് തവണ ഇസിജി ചെയ്തെന്നും കുട്ടി മരിച്ചതായി സ്ഥിരീകരിച്ചു കൊണ്ട് ഗവണ്മെന്റ് ജില്ലാ ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ദീപക് ശര്‍മ്മ പറഞ്ഞു. കുട്ടിയെ രക്ഷിക്കാന്‍ സമാന്തര തുരങ്കം കുഴിക്കാന്‍ ജെസിബികളും ഡ്രില്ലിംഗ് മെഷീനുകളും പൈലിംഗ് റിഗ്ഗും വിന്യസിച്ചു, അതേസമയം പൈപ്പ് വഴി ഓക്സിജന്‍ വിതരണം ചെയ്യുകയും സിസിടിവി ക്യാമറകള്‍ അവന്റെ അവസ്ഥ നിരീക്ഷിക്കുകയും ചെയ്തിരുന്നു.
ഏകദേശം 160 അടിയോളം വരുന്ന ജലനിരപ്പ് ഉള്‍പ്പെടെ നിരവധി വെല്ലുവിളികള്‍ ഓപ്പറേഷനിലുണ്ടെന്ന് ദേശീയ ദുരന്ത പ്രതികരണ സേന (എന്‍ഡിആര്‍എഫ്) ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭൂഗര്‍ഭ നീരാവി കാരണം കുട്ടിയുടെ ചലനങ്ങള്‍ ക്യാമറയില്‍ പകര്‍ത്താനുള്ള ബുദ്ധിമുട്ടും രക്ഷാപ്രവര്‍ത്തകരുടെ സുരക്ഷാ ആശങ്കകളും ഓപ്പറേഷനിലെ വെല്ലുവിളികളില്‍ ഒന്നായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.