കൊച്ചി: നടിയെ അക്രമിച്ച കേസില്‍ അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന ആവശ്യവുമായി അതിജീവിത. അടച്ചിട്ട കോടതിയിലെ വാദം അവസാനപ്പിച്ച് അന്തിമവാദം തുറന്ന കോടതിയില്‍ നടക്കട്ടെ എന്ന നിലപാട് സ്വീകരിക്കുന്നതിന് വലിയ മാനങ്ങളുണ്ടെന്ന് അതിജീവിത വിചാരണ കോടതിയില്‍ ഹര്‍ജി നല്കി.
അന്തിമവാദം തുടങ്ങിയതിന് പിന്നാലെയാണ് ഈ ആവശ്യവുമായി അതിജീവിത വിചാരണക്കോടതിയെ സമീപിച്ചിരിക്കുന്നത്. വിചാരണയുടെ യഥാര്‍ത്ഥ വശങ്ങള് പുറംലോകം അറിയണമെങ്കില്‍ തുറന്ന കോടതിയില്‍ അന്തിമവാദം നടത്തണമെന്നും നടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
ഇതുവരെയുള്ള വിസ്താരം അടച്ചിട്ട കോടതിമുറിയിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി ക്രുപ്രചരണങ്ങള്‍ നടക്കുന്നുണ്ട്. തന്നെ അടക്കം കുറ്റപ്പെടുത്തി കൊണ്ടുള്ളതാണ് ഈ ക്രുപ്രചരണങ്ങള്‍. ഈ പശ്ചാത്തലത്തില്‍ വിചാരണയുടെ യഥാര്‍ഥ വശങ്ങള് പുറത്തുവരാന്‍ തുറന്ന കോടതിയില്‍ അന്തിമവാദം നടത്തണമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. വാദം അന്തിമഘട്ടത്തിലേയ്ക്ക് കടന്നതോടെ കോടതിയില്‍ നടക്കുന്ന കാര്യങ്ങള്‍ പൊതുസമൂഹം കൂടി അറിയട്ടെ ഇതില്‍ തന്റെ സ്വകാര്യതയുടെ വിഷയങ്ങളൊന്നുമില്ലെന്ന് കൂടിയാണ് അതിജീവിത കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വാദം നടക്കുന്നത്.