വയനാട്: പയ്യമ്പള്ളിയില്‍ ആദിവാസി യുവാവിനെ കാറിന്റെ ഡോറില്‍ കൈവെച്ച് വലിച്ചിഴച്ച സംഭവത്തില്‍ പ്രതികളെ പോലീസ് പിടികൂടിയതായി സൂചന. മാതന് എന്ന യുവാവിനെയാണ് റോഡിലൂടെ പ്രതികള്‍ വലിച്ചിഴച്ചത്. വാഹനം ഓടിച്ചത് പച്ചിലക്കാട് സ്വദേശി അര്‍ഷിദാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. വാഹനത്തില്‍ ഉണ്ടായിരുന്നത് പച്ചിലക്കാട് സ്വദേശികളായ രണ്ടു പേരും പനമരം വാടോച്ചാല്‍ സ്വദേശികളായ രണ്ട് യുവാക്കളും ആണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് കൂടല്ക്കടവിലെത്തിയ യുവാക്കളുമായി മാതന് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. KL 52 H 8733 എന്ന കാറിലെത്തിയ സംഘം മാതന് എന്നയാളെ റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു. സംഭവത്തില്‍ അരയ്ക്കും കൈകാലുകള്‍ക്കും സാരമായി പരിക്കേറ്റ മാതനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
കൂടല്‍ കടവ് ചെക്ക് ഡാം കാണാന്‍ എത്തിയ വിനോദ സഞ്ചാരികളുമായുണ്ടായ വാക്ക് തര്‍ക്കമാണ് മാതനെ റോഡിലൂടെ വലിച്ചിഴക്കാന്‍ കാരണമെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ മാതന് ഇടപെട്ടിരുന്നു. കാറിന്റെ ഡോറിനോട് കൈ ചേര്‍ത്ത് പിടിച്ച് അര കിലോമീറ്ററോളം ദൂരമാണ് യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചത്. പ്രതികള്‍ സഞ്ചരിച്ച കാര്‍ ഇന്നലെ കസ്റ്റഡിയില്‍ എടുത്തിരുന്നു.
സംഭവത്തില്‍ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചിരുന്നു. കുറ്റക്കാരോട് ഒരു വിട്ടുവീഴ്ചയും കാണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം പ്രതികള്‍ക്കെതിരെ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. വിഷയത്തില്‍ പ്രിയങ്ക കളക്ടറെ വിളിച്ച് സംസാരിച്ചിരുന്നു.