കൊച്ചി: വ്യത്യസ്ഥ കഴിവുള്ളവര്‍ എന്നുറപ്പിച്ചാണ് പെരുമ്പാവൂര്‍ സെന്റര്‍ ഫോര്‍ ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ റിഹാബിലിട്ടേഷന്‍ ആന്‍ഡ് റിസര്‍ച്ച് കെയര്‍ ഇന്‍സ്റ്റിട്യൂട്ടിലെ ‘എബിലിറ്റി സോണ്‍’ പ്രോജക്ടിലെ ഭിന്നശേഷിക്കാര്‍ ക്രിസ്മസ് പുതുവത്സര കച്ചവടത്തിന് മറ്റു വമ്പന്‍മാരോട് മത്സരിക്കുന്നത്. നൂതനവും വ്യത്യസ്ഥമായ ക്രിസ്മസിന് അനുബന്ധം ആയിട്ടുള്ള മെഴുകു തിരികള്‍, ക്രിസ്മസ് ട്രീ, സാന്താ ക്ലോസ്, റെയിന്‍ ഡിയര്‍, ക്രിസ്മസ് പൂവായ പൊയിന്‍സെറ്റ, മാലാഖമാര്‍, പച്ചയും ചുവപ്പും നിറത്തിലുള്ള പിരിയന്‍ തിരികള്‍ എന്നിവ വലിയ തോതില്‍ ഉണ്ടാക്കിയാണ് ക്രിസ്മസ് കച്ചവടത്തിന് ഒരുങ്ങിയത്.

എറണാകുളത്ത് ഗ്രാന്റ് ഹയാത്തില്‍ നടത്തിയ കച്ചവടത്തില്‍ നിന്ന് മാത്രം നാല്‍പത്തി ഏഴായിരം രൂപയോളം വരുമാനമുണ്ടാക്കിയതായി പ്രാജക്റ്റ് ഡയറക്റ്റര്‍ ഡോ പി എ മേരി അനിത പറഞ്ഞു. പ്രൊജക്ടിന്റെ ഭാഗമായി റിച്ച് പ്ലം കേക്കും കുക്കുസ് ബിസ്‌കറ്റുകളും ഭിന്നശേഷിക്കാര്‍ തയ്യാറാക്കുന്നുണ്ട്. മികവു പുലര്‍ത്തുന്നവരെ അവിടെ തന്നെ ജോലിക്കാരായി നിയമിച്ച് സ്‌റ്റൈപെന്റോടു കൂടിയാണ് പഠനം തുടരുന്നത്. നൈപുണ്യ വികസനത്തിനും തൊഴിലും വരുമാനവും ഉണ്ടാക്കി കൊടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ പദ്ധതി രൂപകല്‍പ ചെയ്തിരിക്കുന്നതെന്ന് ജോബ് ട്രെയിനിംഗ് പരിശീലകന്‍ ആഷിക് ഷിബിന്‍ പറഞ്ഞു.

സ്‌പെഷല്‍ എഡ്യൂക്കേറ്റര്‍മാരായ റിസ്വാന, അശ്വതി, ഫാത്തിമ മിലി എന്നിവരും കുട്ടികളുടെ ക്രിസ്മസ് കച്ചവടത്തിന് സഹായിക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ ഭാഷാ പ്രാവീണ്യം, കണക്ക്, ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ പരിശീലനം എന്നിവയും ചേര്‍ന്നുള്ള പാഠ്യ പദ്ധതി ആയതിനാല്‍ മറ്റു തൊഴില്‍ മേഖലയിലേക്ക് മാറുന്നതിനും ഈ കുട്ടികള്‍ക്ക് പറ്റും എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. പതിനേഴ് കുട്ടികളാണ് ഈ പദ്ധതിയുടെ കീഴില്‍ പരിശീലനം നേടുത്തത്. ഇതില്‍ 5 പേര്‍ ജോലിക്കാരായിട്ടാണ് പദ്ധതിയില്‍ പഠനം തുടരുന്നത്. കൂടുല്‍ വിവരങ്ങള്‍ക്ക് 9446444222 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.