തിരുവനന്തപുരം: പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ് എന്ന് റിപ്പോര്‍ട്ട്. അജിത് കുമാറിനെതിരെ തെളിവില്ലെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്നും സ്വര്‍ണക്കടത്ത് കേസില്‍ പി വി അന്‍വറിന് തെളിവ് ഹാജരാക്കാനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായാണ് പിവി അന്‍വര്‍ രംഗത്ത് എത്തിയത്. അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം, കുറവന്‍കോണത്തെ ഫ്ലാറ്റ് വില്‍പ്പന, മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫിസിലെ മരംമുറി തുടങ്ങിയ ആരോപണങ്ങളിലാണ് അജിത് കുമാറിനെതിരെ അന്വേഷണം നടന്നത്. എന്നാല്‍ കവടിയാറിലെ വീട് നിര്‍മ്മാണത്തില്‍ പ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തി. വീട് നിര്‍മാണത്തിനായി എസ്ബിഐയില്‍ നിന്ന് ഒന്നരക്കോടി വായ്പ എടുത്തിട്ടുണ്ട്. ഇതിന്റെ ബാങ്ക് രേഖകള്‍ ഹാജരാക്കിയിട്ടുണ്ട്. വീട് നിര്‍മാണം യഥാസമയം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ലോണ്‍ രേഖകളടക്കം എഡിജിപി ഹാജരാക്കിയതായാണ് വിജിലന്‍സ് കണ്ടെത്തല്‍. സ്വത്ത് വിവര പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കുറവന്‍കോണത്ത് ഫ്‌ലാറ്റ് വാങ്ങി പത്ത് ദിവസത്തിനുള്ളില്‍ ഇരട്ടിവിലക്ക് മറിച്ചു വിറ്റു എന്നും ഇതുവഴി കള്ളപ്പണം വെളുപ്പിച്ചുവെന്നുമുള്ള ആരോപണം ശരിയല്ലെന്നാണ് വിജിലന്‍സിന്റെ റിപ്പോര്‍ട്ടിലുള്ളത്. 8 വര്‍ഷം കൊണ്ടുണ്ടായ മൂല്യവര്‍ധനയാണ് വിലയില്‍ ഉണ്ടായത്. സര്‍ക്കാരിനെ അറിയിക്കുന്നത് അടക്കം എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.