ബെംഗളൂരു: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിന് ഇരയായ ബെംഗളൂരുവിലെ സോഫ്റ്റ് വെയര്‍ എന്‍ജിനീയറിന് നഷ്ടമായത് 11.8 കോടി രൂപ. കള്ളപ്പണം വെളുപ്പിക്കുന്നതിനായി ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാന്‍ തന്റെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചെന്ന് കണ്ടെത്തിയെന്നു പറഞ്ഞാണ് 39 വയസ്സുകാരനായ എന്‍ജിനീയറെ തട്ടിപ്പിനിരയാക്കിയത്. ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥനെന്ന് പറഞ്ഞാണ് തട്ടിപ്പുകാര്‍ യുവാവിനെ വിളിച്ചത്. നവംബര്‍ 25 മുതല്‍ 12 വരെയാണ് തട്ടിപ്പ് നടത്തിയത്.
എന്‍ജിനീയറുടെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ള സിം കാര്‍ഡ് നിയമവിരുദ്ധ പരസ്യങ്ങള്‍ക്കും ഉപദ്രവകരമായ സന്ദേശങ്ങള്‍ അയയ്ക്കാനും ഉപയോഗിച്ചുവെന്നും തട്ടിപ്പുകാര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മുംബൈ കൊളാബ സൈബര്‍ പൊലീസ് കേസെടുത്തിട്ടുണ്ടെന്നുമാണ് ഇയാള്‍ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ നിന്നാണെന്ന് പറഞ്ഞ് മറ്റൊരു ഫോണ്‍ കോള്‍ വന്നു. ആധാര്‍ കാര്‍ഡ് കള്ളപ്പണം വെളുപ്പിക്കാനുള്ള ബാങ്ക് അക്കൗണ്ട് തുറക്കാന്‍ ഉപയോഗിച്ചുവെന്ന് പറഞ്ഞായിരുന്നു പൊലീസ് സ്റ്റേഷനില്‍ നിന്ന് കോള്‍ വന്നത്. ഇക്കാര്യം രഹസ്യമായി വെയ്ക്കണമെന്നും വെര്‍ച്വല്‍ അന്വേഷണത്തോട് സഹകരിച്ചില്ലെങ്കില്‍ നേരിട്ടെത്തി അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി.
പിന്നീട് വിഡിയോ കോളിനുള്ള ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. അത് അനുസരിച്ചതോടെ പൊലീസ് യൂണിഫോംമില്‍ ഒരാള്‍ വിഡിയോ കോളിലെത്തുകയും എന്‍ജിനിയറുടെ ആധാര്‍ കാര്‍ഡുപയോഗിച്ച് ഒരു വ്യവസായി വ്യാജ ബാങ്ക് അകൗണ്ട് തുറന്ന് ആറ് കോടി രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്ന് പറയുകയും ചെയ്തു. പിന്നീട് നവംബര്‍ 25 ന് വെരിഫിക്കേഷന്‍ നടപടികള്‍ക്കുവേണ്ടിയെന്നു പറഞ്ഞ് ഏതാനും അക്കൗണ്ടുകളിലേക്ക് പണം കൈമാറാന്‍ ആവശ്യപ്പെട്ടു. പലതവണയായി 11.8 കോടിരൂപ എന്‍ജിനീയര്‍ തട്ടിപ്പുകാര്‍ക്ക് കൈമാറി. എന്നാല്‍ വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് ഇദ്ദേഹം പൊലീസില്‍ വിവരമറിയിച്ചത്.