തിരുവനന്തപുരം: സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മറ്റൊരു ക്രിസ്മസ് കൂടി വന്നെത്തി.മതവിശ്വാസങ്ങളെ, മറ്റുള്ളവരെ വെറുക്കാനും അകറ്റാനുമുള്ള സങ്കുചിത ചിന്താഗതികളാക്കി പരിവര്‍ത്തനം ചെയ്യുന്ന വര്‍ഗീയ ശക്തികളെ കേരളത്തിന്റെ പടിയ്ക്കു പുറത്ത് നിര്‍ത്തി ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് ക്രിസ്മസ് ആഘോഷത്തിനിടെ നടന്ന ആക്രമണങ്ങള്‍ക്കും വര്‍ഗീയ വിദ്വേഷങ്ങള്‍ക്കുമുള്ള മറുപടി കൂടിയായിരുന്നു മുഖ്യമന്ത്രിയുടേത്. കേരളത്തിനും മലയാളികള്‍ക്കും അപമാനമായി മാറുന്ന ഈ സംസ്‌കാരശൂന്യര്‍ക്കെതിരെ ഒരുമിച്ച് നില്‍ക്കാന്‍ മലയാളികള്‍ക്ക് സാധിക്കണമെന്നും മുഖ്യമന്ത്രി ആശംസസന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു. എല്ലാവര്‍ക്കും ഒത്തൊരുമിച്ച് ആഹ്‌ളാദത്തോടെ ക്രിസ്മസ് ആഘോഷിക്കാമെന്നും ഏവര്‍ക്കും ഹൃദയപൂര്‍വ്വം ക്രിസ്മസ് ആശംസകള്‍ നേരുന്നുവെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പിണറായി വിജയന്‍ കുറിച്ചു.
സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും മധുരം പങ്കുവെക്കലാണ് മലയാളികളുടെ ഓരോ ആഘോഷവും. ഒരു മതവിഭാഗത്തിന്റെ ആഘോഷങ്ങളില്‍ മറ്റുള്ളവരും പങ്കുചേര്‍ന്ന് സന്തോഷം പങ്കിടും. ഇതു കേരളത്തിന്റെ പാരമ്പര്യമാണ്. മറ്റുള്ള മതങ്ങളുടെ വിശ്വാസത്തെ ബഹുമാനിക്കാനും മനസ്സിലാക്കാനുമുള്ള വിശാലത മലയാളിയുടെ മനസ്സിനുണ്ട്. മതങ്ങളെ മനുഷ്യത്വത്തിന്റേയും സാഹോദര്യത്തിന്റേയും മനോഹരാവിഷ്‌കാരങ്ങളായി നിലനിര്‍ത്തുന്ന ഉദാത്തമായ വിശ്വമാനവികതയാണ് നമ്മുടെ കരുത്ത്. അതിനെ തമ്മിലടിപ്പിക്കാനും ദുര്‍ബലപ്പെടുത്താനും മതവിശ്വാസത്തെ അപരവിദ്വേഷത്തിന്റെ ചില ശക്തികള്‍ ശ്രമിക്കുന്നുണ്ട്. കേരളത്തിനും മലയാളികള്‍ക്കും അപമാനമായി മാറുന്ന ഈ സംസ്‌കാരശൂന്യര്‍ക്കെതിരെ ഒരുമിച്ച് നില്‍ക്കാന്‍ നമുക്ക് സാധിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു.