കോഴിക്കോട്: മലയാളസാഹിത്യത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന് വിട നല്‍കി കേരളം. അവസാനമായി ഒരു നോക്കുകാണാന്‍ കോഴിക്കോട്ടെ ‘സിതാര’ വീട്ടിലേക്ക് നൂറ് കണക്കിനാളുകളാണ് എത്തിയത്. സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തികളടക്കം ആയിരങ്ങളാണ് എംടിയെ ഒരു നോക്ക് അവസാനമായി കാണാനെത്തിയത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വീട്ടിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. എംടിയുടെ അഭിലാഷപ്രകാരം പൊതുദര്‍ശനം ഒഴിവാക്കിയിരുന്നു. മാവൂര്‍ റോഡിലെ സ്മൃതിപഥമെന്ന പുതുക്കിപ്പണിത ശ്മശാനത്തില്‍ ആദ്യത്തേതായി എംടിയുടെ ശരീരം അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി. ഔദ്യോഗിക ബഹുമതികളോടെ മതാചാര പ്രകാരമാണ് സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്.
മന്ത്രിമാരായ മുഹമ്മദ് റിയാസ്, എകെശശീന്ദ്രന്‍, സജി ചെറിയാന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, വി അബ്ദുറഹിമാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍, ഇപി ജയരാജന്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി, എംകെ രാഘവന്‍, ഷാഫി പറമ്പില്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സുരേന്ദ്രന്‍ സംവിധായകന്‍ ഹരിഹരന്‍, സത്യന്‍ അന്തിക്കാട്, ലാല്‍ ജോസ്, നടന്‍ വിനീത്, എം മുകുന്ദന്‍, കെകെ ശൈജ, ജോയ് മാത്യു, കുട്ട്യേടത്തി വിലാസിനി തുടങ്ങി പ്രമുഖരുടെ വലിയ നിര തന്നെ എംടിയുടെ വീട്ടിലേക്കെത്തി. നടന്‍ മോഹന്‍ലാല്‍ പുലര്‍ച്ചെ വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.