വയനാട്ടിലെ മേപ്പാടി ചൂരല്‍മല ദുരന്തവുമായി ബന്ധപ്പെട്ട ദുരിതബാധിതര്‍ക്കായി രണ്ട് ടൗണ്‍ഷിപ്പുകള്‍ നിര്‍മിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. കോട്ടപ്പടി വില്ലേജിലെ നെടുമ്പാല എസ്റ്റേറ്റും കല്പറ്റ വില്ലേജിലെ എല്‍സ്റ്റോണ്‍ എസ്റ്റേറ്റുമാണ് ടൗണ്‍ഷിപ്പിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ദുരന്തബാധിതര്‍ക്ക് വീടു വെച്ചുനല്‍കുക എന്നതു മാത്രമല്ല പുനരധിവാസം കൊണ്ട് ഉദ്ദേശിക്കുന്നത്. എല്ലാ രീതിയിലും ദുരന്തത്തെ അതിജീവിച്ചു ജീവിതം മുന്നോട്ടു കൊണ്ട് പോകാനുള്ള ഉപജീവനമാര്‍ഗങ്ങള്‍ ഉള്‍പ്പെടെയാണ് പുനരധിവാസം യഥാര്‍ത്ഥ്യമാക്കുക. അതിന് സഹായവുമായി മുന്നോട്ടുവരുന്ന എല്ലാവരെയും ചേര്‍ത്തു പിടിക്കും. എല്ലാ സഹായങ്ങളും ഏകോപിപ്പിച്ചായിരിക്കും പുനരധിവാസ പദ്ധതി പൂര്‍ത്തിയാക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
2005 ലെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് നിയമം വഴിയാണ് ടൗണ്‍ഷിപ്പിനായി ഭൂമി ഏറ്റെടുക്കുക്കാന്‍ തീരുമാനിച്ചത്. തോട്ടം ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് നിലനില്‍ക്കുന്ന വ്യവഹാരങ്ങളില്‍ സര്‍ക്കാരിനുള്ള നിലപാട് തുടര്‍ന്നുകൊണ്ടുതന്നെയാണ് ഇവിടെ പുനരധിവാസം സാധ്യമാക്കുക. ടൌണ്‍ ഷിപ്പിനായി ഏറ്റെടുക്കുന്ന ഭൂമി സംബന്ധിച്ച വിഷയത്തില്‍ ഹൈക്കോടതി സര്‍ക്കാരിനനുകൂലമായ വിധി പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ടെത്തിയ ഭൂമിയില്‍ പുനരധിവാസത്തിനും നിര്‍മ്മാണത്തിനും അനുയോജ്യമല്ലാത്ത ഭാഗം ഒഴിവാക്കിയതിനു ശേഷം എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ 58.50 ഹെക്ടറും നെടുമ്പാല എസ്റ്റേറ്റില്‍ 48.96 ഹെക്ടറുമാണ് ഏറ്റെടുക്കുക. ഏറ്റെടുക്കാത്ത ഭൂമിയില്‍ പ്ലാന്റേഷന്‍ മുന്നോട്ടു കൊണ്ടുപോകാന്‍ അനുമതി നല്‍കും. ഭൂമി കണ്ടെത്തിയത് ഡ്രോണ്‍ സര്‍വേയിലൂടെയാണ്. ഇപ്പോള്‍ നടക്കുന്ന ഫീല്‍ഡ് സര്‍വേ പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ കണിശതയുള്ള കണക്കുകള്‍ ലഭ്യമാകും. എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലെ ടൗണ്‍ഷിപ്പ് കല്പറ്റ മുനിസിപ്പാലിറ്റിയിലും നെടുമ്പാല എസ്റ്റേറ്റിലെ ടൗണ്‍ഷിപ്പ് മേപ്പാടി പഞ്ചായത്തിലുമാണ് വരുന്നത്. അതിനനുസൃതമായി ഭൂമിയുടെ വിലയില്‍ വരുന്ന വ്യത്യാസം കണക്കിലെടുത്ത് എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ ഒരു കുടുംബത്തിനു 5 സെന്റും നെടുമ്പാലയില്‍ 10 സെന്റും ആയിരിക്കും നല്‍കുക. ടൗണ്‍ഷിപ്പുകളില്‍ വീടുകള്‍ക്കു പുറമേ വിനോദത്തിനുള്ള സൗകര്യങ്ങള്‍, മാര്‍ക്കറ്റ്, ആരോഗ്യ കേന്ദ്രം, വിദ്യാലയം, അംഗന്‍വാടി, കളിസ്ഥലം, വൈദ്യുതി, കുടിവെള്ള, ശുചിത്വ സംവിധാനങ്ങള്‍ എന്നിവയെല്ലാം സജ്ജമാക്കും.
ദുരന്തബാധിത കുടുംബങ്ങളുടെ അന്തിമ ലിസ്റ്റ് 2025 ജനുവരി 25 നകം പുറത്തിറക്കാന്‍ കഴിയുംവിധമാണ് പ്രവര്‍ത്തനങ്ങള്‍ നീക്കുന്നത്. ദുരന്തത്തിനിരയായവര്‍ക്ക് ഉപജീവനമാര്‍ഗ്ഗമൊരുക്കാന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ മൈക്രോപ്ലാന്‍ സര്‍വേ നടത്തിയിരുന്നു. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളില്‍ പെടുന്ന 4658 പേര്‍ അടങ്ങുന്ന 1084 കുടുംബങ്ങളെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തി മൈക്രോ പ്ലാന്‍ തയാറാക്കിയത്. ഇതില്‍ 79 പേര്‍ മൃഗസംരക്ഷണമേഖലയാണ് തെരഞ്ഞെടുത്തത്. 192 പേര്‍ കാര്‍ഷികമേഖലയും 1034 പേര്‍ സൂക്ഷ്മസംരംഭങ്ങളും 585 പേര്‍ മറ്റ് വരുമാനമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളുമാണ് തെരഞ്ഞെടുത്തത്. പ്രത്യേക പരിഗണന നല്‍കേണ്ടതായ സ്ത്രീകള്‍ മാത്രമുള്ള 84 കുടുംബങ്ങളേയും വിധവകള്‍ മാത്രമുള്ള 38 കുടുംബങ്ങളേയും കുട്ടികള്‍ മാത്രമുള്ള 3 കുടുംബങ്ങളേയും വയോജനങ്ങള്‍ മാത്രമുള്ള 4 കുടുംബങ്ങളേയും ഒരംഗം മാത്രമുള്ള 87 കുടുംബങ്ങളേയും മൈക്രോ പ്ലാന്‍ സര്‍വേ വഴി കണ്ടെത്തി. ടൗണ്‍ ഷിപ്പിലേക്ക് പുനരധിവസിക്കപ്പെട്ടശേഷവും ദുരന്തബാധിത മേഖലയിലെ ഭൂമിയുടെ ഉടമസ്ഥാവകാശം അവരവര്‍ക്ക് തന്നെയായിരിക്കും. ഉരുള്‍ പൊട്ടിയ ആ ഭൂമി വന പ്രദേശമായി മാറാതിരിക്കാന്‍ കലക്റ്റീവ് ഫാമിങ് പോലുള്ള ഉല്‍പ്പാദനപരമായ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള സാധ്യതകള്‍ പിന്നീട് പരിഗണിക്കും. ആ ഭൂമി അതിന്റെ ഉടമകളില്‍ നിന്ന് അന്യം നിന്നുപോകില്ല. ദുരന്തബാധിതരെ മാതൃകാ ടൗണ്‍ഷിപ്പ് സ്ഥാപിച്ച് പുനരധിവസിപ്പിക്കുന്നതാണെന്നും പ്രൊജക്റ്റ് മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സിയായി (പി.എം.സി) കിഫ്ബിയെ ചുമതലപ്പെടുത്തുന്നതാണെന്നും നേരത്തെ റൂള്‍ 300 പ്രകാരം നിയമസഭയില്‍ പ്രസ്താവന നടത്തിയപ്പോള്‍ അറിയിച്ചിരുന്നതാണ്. അതിന്റെ ഭാഗമായി ഒട്ടേറെ തയാറെടുപ്പുകള്‍ ഇതിനകം പൂര്‍ത്തിയായതായി മുഖ്യമന്ത്രി അറിയിച്ചു.
ഇക്കാര്യത്തില്‍ കിഫ്ബി വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ഇതില്‍ നിയമ, ധനകാര്യ വകുപ്പുകളുടെ അഭിപ്രായം തേടിയശേഷം മന്ത്രിസഭ വിശദമായി ചര്‍ച്ച ചെയ്യുകയും ചെയ്തു.ടൗണ്‍ഷിപ് പദ്ധതിയുടെ ഭരണവകുപ്പായി ദുരന്ത നിവാരണ വകുപ്പിനെ ചുമതലപെടുത്തി.ടൗണ്‍ഷിപ്പ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, എഞ്ചിനീയറിംഗ് പ്രൊക്വര്‍മെന്റ് ആന്റ് കണ്‍സ്ട്രക്ഷന്‍ (ഇ.പി.സി) പ്രകാരം അംഗീകരിക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുന്നത്. തൊഴിലുടമയുടെ പ്രതിനിധിയായി കിഫ്ബിയുടെ അനുബന്ധ സ്ഥാപനമായ കിഫ്കോണിനെ (കിഫ്കോണ്‍) നെ ചുമതലപ്പെടുത്താനും തീരുമാനമായി. ധന, നിയമ വകുപ്പുകളുടെ അഭിപ്രായപ്രകാരം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കരാറുകാരായി നാമ നിര്‍ദ്ദേശം ചെയ്യാന്‍ തീരുമാനിച്ചു.