എന്‍എസ്എസ് ആചാര്യന് ഭാരത കേസരി മന്നത്ത് പത്മനാഭന്റെ ജന്മവാര്ഷിക ദിനത്തില്‍ മന്നം ജയന്തി ആശംസകള്‍ നേര്‍ന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി ജനറല്‍ Amb. ഡോ.രാജീവ്മേനോന്‍. കാലത്തിന് മുന്നേ സഞ്ചരിച്ച കര്‍മയോഗിയായിരുന്നു മന്നത്ത് പത്മനാഭന്. കേരളത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങള്‍ക്കെതിരെ പോരാടി സമൂഹനന്മയ്ക്കൊപ്പം സ്വന്തം സമുദായത്തിന്റെ പുരോഗതിക്കുവേണ്ടി അക്ഷീണം പരിശ്രമിച്ച സാമൂഹിക പരിഷ്കര്‍ത്താവായിരുന്നു മന്നത്ത് പത്മനാഭനെന്ന് ഡോ.രാജീവ്മേനോന്‍ പറഞ്ഞു. നേതൃപാടവം കൊണ്ടും സംഘടനാചാതുരി കൊണ്ടും ശ്രദ്ധേയനായ മന്നത്ത് പത്മനാഭന് ജനാധിപത്യവും രാജ്യസ്നേഹവും ഒരു പോലെ കാത്തു സൂക്ഷിച്ചു. ജാതിമത വേര്‍തിരിവില്ലാതെ എല്ലാവര്‍ക്കുമായി കുടുംബക്ഷേത്രമായ പെരുന്നയിലെ മാരണത്തുകാവ് ദേവീക്ഷേത്രം തുറന്നു നല്‍കിയായിരുന്നു മന്നത്തിന്റെ സാമൂഹിക ഇടപെടലുകളുടെ തുടക്കമെന്നും ഡോ.രാജീവ്മേനോന്‍ ഓര്‍മിപ്പിച്ചു.
സമൂഹത്തിലെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെയും ശക്തമായ നിലപാടാണ് എക്കാലത്തും അദ്ദേഹം സ്വീകരിച്ചത്. വൈക്കം സത്യാഗ്രഹത്തെ എതിര്‍ത്ത സവര്‍ണരെ അണിനിരത്തി വൈക്കത്ത് നിന്ന് തിരുവനന്തപുരത്തേക്ക് നയിച്ച സവര്‍ണജാഥയും ഗുരുവായൂര്‍ സത്യഗ്രഹവും മന്നത്ത് പത്മനാഭന്റെ നേതൃപാടവം അടയാളപ്പെടുത്തി. അധസ്ഥിത വര്‍ഗ്ഗത്തില്‍ പെട്ടവരുടെ ഉന്നമനത്തിന് വേണ്ടി പടപൊരുതിയ മഹാനായ വ്യക്തി കൂടിയാണ് അദ്ദേഹം. നായാടി മുതല്‍ നമ്പൂതിരി വരെ എന്ന ആശയത്തെ മുറുകെ പിടിച്ച് മുന്നോട്ട് പോകാന്‍ എല്ലാ സമുദായത്തേയും അദ്ദേഹം ചേര്‍ത്തുപിടിച്ചു. പ്രായപൂര്‍ത്തി വോട്ടവകാശപ്രകാരം തിരുവിതാംകൂറില്‍ ആദ്യമായി നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ച് നിയമസഭാ സമാജികനായി. വിദ്യാഭ്യാസ മേഖലയില്‍ നിരവധി കര്‍മ്മപരിപാടികള്‍ വിജയകരമായി നടപ്പാക്കിയ മന്നത്ത് പത്മനാഭന് ഒട്ടനവധി സ്കൂളുകളും കോളജുകളും സ്ഥാപിച്ചു. കാലാതീതമായ ദര്‍ശനങ്ങളും നിലപാടുകളും കൊണ്ട് കേരളത്തിന്റെ സാമൂഹികമാറ്റത്തിന്റെ ചാലകശക്തിയായി മാറിയെന്നതാണ് മന്നത്ത് പത്മനാഭന്റെ പ്രസക്തിയെന്നും ഡോ. രാജീവ്മേനോന്‍ പറഞ്ഞു.