തിരുവനന്തപുരം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പ്രസ്താവനയെ വിമര്‍ശിച്ച് സ്വാമി സച്ചിദാനന്ദ. താന്‍ പറഞ്ഞത് നാട്ടില്‍ കൊണ്ടുവരേണ്ട പരിഷ്‌കാരത്തെ കുറിച്ചാണെന്നും സുകുമാരന്‍ നായരുടെ കാഴ്ചപ്പാടാണ് അദ്ദേഹം പറഞ്ഞതെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. ഇത്തരം അഭിപ്രായങ്ങള്‍ പറയാന്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയേക്കാള്‍ അവകാശം സന്യാസിയായ തനിക്കാണ്. തന്നെ അയാളെന്ന് വിളിച്ചത് സുകുമാരന്‍ നായരുടെ സംസ്‌കാരമാണെന്നും സ്വാമി സച്ചിദാനന്ദ കൂട്ടിച്ചേര്‍ത്തു.
ശിവഗിരി മഠം ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ പിന്തുടരുന്ന ഇടമാണ്. അല്ലാതെ
പ്രത്യേക ജാതിയുടെയോ മതത്തിന്റെയോ അല്ല. കേരളത്തിലെ എല്ലാ ജനങ്ങളെയും ശിവഗിരി മഠം ഉള്‍ക്കൊള്ളുന്നു. സുകുമാരന്‍ നായര്‍ എന്‍എസ്എസിന്റെ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ മാര്‍ഗനിര്‍ദേശം നല്‍കുന്നു. സന്യാസി എന്ന നിലയില്‍ തനിക്ക് പറയാനുള്ള കാര്യങ്ങള്‍ താനും പറയുന്നുവെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ക്ഷേത്രത്തിനുള്ളില്‍ മേല്‍വസ്ത്രം അഴിച്ചു കയറണമെന്ന സമ്പ്രദായം മാറ്റണമെന്നും, ഇത് പൂണൂല്‍ കാണുന്നതിന് വേണ്ടി പണ്ടുകാലത്ത് തുടങ്ങിയ കാര്യമാണെന്നുമായിരുന്നു സ്വാമി സച്ചിദാനന്ദ പറഞ്ഞിരുന്നത്. പല ക്ഷേത്രങ്ങളിലും തുടരുന്ന ഈ നിബന്ധന തിരുത്തണമെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞിരുന്നു. സ്വാമി സച്ചിദാനന്ദയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ സ്വാമി സച്ചിദാനന്ദയെയും മുഖ്യമന്ത്രിയെയും സുകുമാരന്‍ നായര്‍ വിമര്‍ശിക്കുകയായിരുന്നു. ആചാരങ്ങള്‍ മുഖ്യമന്ത്രിക്കോ ശിവഗിരിക്കോ മാറ്റാനാകുമോയെന്നും അത്തരം കാര്യങ്ങളില്‍ ഇടപെടാന്‍ അവര്‍ ആരാണെന്നും ചോദിച്ചിരുന്നു.