കൊച്ചി: കേരള മനസ്സാക്ഷിയെ ഞെട്ടിച്ച പെരിയ ഇരട്ടക്കൊലപാതക കേസില്‍ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിലാണ് പത്ത് പ്രതികള്‍ക്കും ഇരട്ടജീവപര്യന്തം ശിക്ഷ വിധിച്ചത്. ഒന്ന് മുതല്‍ എട്ട് വരെ പ്രതികള്‍ക്കും 10, 15 പ്രതികള്‍ക്കുമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപ പിഴയും ചുമത്തി. എറണാകുളം സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ കെ വി കുഞ്ഞിരാമന് അഞ്ച് വര്‍ഷം തടവും വിധിച്ചു.
കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ നിന്നും മോചിപ്പിച്ച കുറ്റമാണ് കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പെടുന്ന 14, 20, 21, 22 പ്രതികള്‍ക്കെതിരെ തെളിഞ്ഞത്. ശിക്ഷയില്‍ പരമാവധി ഇളവ് നല്‍കണമെന്നും കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമല്ലെന്നും പ്രതിഭാഗം വ്യക്തമാക്കി. പ്രതികള്‍ സ്ഥിരം കുറ്റവാളികള്‍ അല്ലെന്നും മാനസാന്തരത്തിന് സാധ്യതയുണ്ടെന്നും പ്രതിഭാഗം വാദിച്ചു. കേസില്‍ ഉദുമ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍, സിപിഐഎം ഉദുമ മുന്‍ ഏരിയ സെക്രട്ടറി കെ മണികണ്ഠന്‍ അടക്കം 14 പേര്‍ കുറ്റക്കാരാണെന്ന് എറണാകുളത്തെ പ്രത്യേക സിബിഐ കോടതി കണ്ടെത്തിയിരുന്നു.
2019 ഫെബ്രുവരി 17 നായിരുന്നു കേരളത്തെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. കാസര്‍കോട് പെരിയില്‍ രാത്രി ഏഴരയോടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും കല്യോട്ട് കൂരാങ്കര റോഡില്‍ തടഞ്ഞുനിര്‍ത്തി പ്രതികള്‍ ക്രൂരമായി ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ കൃപേഷ് സംഭവസ്ഥലത്തും ശരത്ത് ലാല്‍ മംഗളൂരൂവിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരണപ്പെട്ടു.