തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തിരി തെളിയാന്‍ തലസ്ഥാന നഗരി ഒരുങ്ങി. കലാകേരളത്തിന്റെ കൗമാരപ്രതിഭകള്‍ 25 വേദികളിലായാണ് മികവ് തെളിയിക്കാന്‍ മാറ്റുരയ്ക്കുന്നത്. രാവിലെ 9 മണിക്ക് പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തി.
സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുള്ള ഒന്നാം വേദിയായ എം. ടി. നിളയില്‍ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് സ്വാഗതം ആശംസിക്കും. മന്ത്രിമാരായ ജി.ആര്.അനില്‍, കെ.രാജന്, എ.കെ.ശശീന്ദ്രന്, റോഷി അഗസ്റ്റിന്, കെ എന്‍ ബാലഗോപാല്‍ തുടങ്ങി 29 മുഖ്യാതിഥികള്‍ പങ്കെടുക്കും. തുടര്‍ന്ന് ശ്രീനിവാസന് തൂണേരി രചിച്ച് കാവാലം ശ്രീകുമാര്‍ ചിട്ടപ്പെടുത്തിയ കലോത്സവത്തിന്റെ സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്കാരം കലാമണ്ഡലത്തിലെ കുട്ടികളും പൊതുവിദ്യാലയത്തിലെ കുട്ടികളും ചേര്‍ന്ന് അവതരിപ്പിക്കും.
ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വയനാട് വെള്ളാര്‍മല സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന സംഘനൃത്തവും ഉദ്ഘാടന വേദിയില്‍ അരങ്ങേറും. 11 മണിയോടെ എല്ലാ വേദികളിലും മത്സരം ആരംഭിക്കും. പുത്തരിക്കണ്ടത്തെ ഭക്ഷണശാലയില്‍ രാവിലെ മന്ത്രി കെ എന്‍ ബാലഗോപാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം വിളമ്പി ഉദ്ഘാടനം ചെയ്യുന്നതോടെ ഊട്ടുപുരയും സജീവമാകും. 25 വേദികളിലായി നടക്കുന്ന 249 മത്സരയിനങ്ങളില്‍ പതിനായിരത്തിലേറെ കൗമാരപ്രതിഭകളാണ് പങ്കെടുക്കുന്നത്. ഹയര്‍ സെക്കണ്ടറി വിഭാഗം പെണ്‍കുട്ടികളുടെ ഒപ്പനയും സംഘനൃത്തവും ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മാര്‍ഗംകളിയും ആദ്യദിനം തന്നെ വേദികളെ ആവേശത്തിലാഴ്ത്തും.