ഉത്തരകാശി: തുരങ്കത്തില്‍ കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സൈറ്റിലെ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് തടസ്സപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. തൊഴിലാളികള്‍ സുരക്ഷിതരാണെന്നും ഓക്‌സിജന്‍, വൈദ്യുതി, മരുന്നുകള്‍, ഭക്ഷ്യവസ്തുക്കള്‍, വെള്ളം എന്നിവ പൈപ്പുകളിലൂടെ അവര്‍ക്ക് നിരന്തരം വിതരണം ചെയ്യുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
ചാര്‍ധാം ഓള്‍ വെതര്‍ റോഡ് പദ്ധതിയുടെ ഭാഗമായുള്ള നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കത്തിന്റെ ഒരു ഭാഗം ഞായറാഴ്ചയാണ് തകര്‍ന്നത്. ചൊവ്വാഴ്ച രാത്രി, മണ്ണിടിച്ചിലില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ തുരങ്കത്തിന്റെ തകര്‍ന്ന ഭാഗത്ത് വീണു. ഇത് പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയും രണ്ട് രക്ഷാപ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് അധികൃതര്‍ അറിയിച്ചു.
തുരങ്കത്തിനുള്ളില്‍ മറ്റൊരു ഡ്രില്ലിംഗ് മെഷീനിനായി ഒരു പുതിയ പ്ലാറ്റ്‌ഫോം നിര്‍മ്മിക്കുന്നുണ്ടെന്ന്, സൈറ്റിന് സമീപം സജ്ജീകരിച്ച പോലീസ് കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥന്‍ സഞ്ജിത് ഉണിയാല്‍ പറഞ്ഞു.