Newsperseconds.com

അഖിലേന്ത്യ പണിമുടക്ക്: കേരളം പൂർണ്ണമായും സ്തംഭിക്കും; 30 കോടി തൊഴിലാളികൾ അണിനിരക്കുന്നു

Harthal

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമിതി ആഹ്വാനം ചെയ്ത 24 മണിക്കൂർ അഖിലേന്ത്യ പണിമുടക്ക് അർദ്ധരാത്രി മുതൽ ആരംഭിച്ചു. കേരളത്തിൽ പണിമുടക്ക് പൂർണമായിരിക്കുമെന്ന് സമരസമിതി അറിയിച്ചു. പുതിയ ലേബർ കോഡുകൾ പിൻവലിക്കുക, എംജിഎൻആർഇജിഎ (തൊഴിലുറപ്പ് പദ്ധതി) പുനഃസ്ഥാപിക്കുക, സ്വകാര്യവൽക്കരണം നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. സിഐടിയു, ഐഎൻടിയുസി, എഐടിയുസി തുടങ്ങി പത്തോളം കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും കർഷക സംഘടനകളുടെയും നേതൃത്വത്തിലാണ് സമരം നടക്കുന്നത്. രാജ്യത്തുടനീളം 30 കോടിയോളം തൊഴിലാളികൾ സമരത്തിൽ പങ്കുചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിൽ കെഎസ്ആർടിസി, സ്വകാര്യ ബസുകൾ, ടാക്സികൾ, ഓട്ടോറിക്ഷകൾ എന്നിവ നിരത്തിലിറങ്ങില്ല. ബാങ്കിംഗ് മേഖലയും പൂർണ്ണമായി തടസ്സപ്പെടും. മിക്കവാറും സ്കൂളുകൾക്കും കോളേജുകൾക്കും പണിമുടക്കിനോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ശബരിമല തീർത്ഥാടകർ, മാരാമൺ കൺവെൻഷൻ എന്നിവരെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആശുപത്രികൾ, പാൽ, പത്രം, ആംബുലൻസ് തുടങ്ങിയ അടിയന്തര സർവീസുകൾ മുടക്കമില്ലാതെ പ്രവർത്തിക്കും. കൊച്ചി മെട്രോയും വാട്ടർ മെട്രോയും പ്രവർത്തിക്കും. തൊഴിലാളി വർഗത്തിന്റെ അവകാശങ്ങൾ കവർന്നെടുക്കുന്ന ലേബർ കോഡുകൾക്കെതിരെയുള്ള അതിശക്തമായ താക്കീതായിരിക്കും ഈ പണിമുടക്കെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.

Share this Article

Leave a Comment