തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി സമഗ്രമായ നഗര നയം രൂപീകരിക്കുന്ന സംസ്ഥാനമായി കേരളം മാറി. തദ്ദേശ സ്വയംഭരണ വകുപ്പ് തയ്യാറാക്കിയ കരട് നഗര നയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയതോടെ, അടുത്ത 25 വർഷത്തെ നഗര വികസനത്തിന് സംസ്ഥാനത്തിന് വ്യക്തമായ ദിശാബോധം ലഭിച്ചു. 2023-24 ലെ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയുടെ അടിസ്ഥാനത്തിൽ, ദേശീയ-അന്തർദേശീയ വിദഗ്ധരെ ഉൾപ്പെടുത്തി രൂപീകരിച്ച കേരള നഗര നയ കമ്മിഷൻ രണ്ടു വർഷം നീണ്ട പഠനത്തിനൊടുവിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർന്ന് കൊച്ചിയിൽ സംഘടിപ്പിച്ച ആഗോള സമ്മേളനത്തിലെ നിർദേശങ്ങളും ഉൾപ്പെടുത്തി അന്തിമ നയം തയ്യാറാക്കുകയായിരുന്നു.
നഗര നയ കമ്മിഷന്റെ കണക്കുപ്രകാരം 2050ഓടെ കേരളം 80 ശതമാനം നഗരവൽക്കരിക്കപ്പെട്ട സംസ്ഥാനമാകും. മലനാടും തീരദേശവും തമ്മിലുള്ള ഉയർന്ന ജനസാന്ദ്രതയുള്ള മേഖലകളിൽ വികേന്ദ്രീകൃത നഗര വികസനം ശക്തമാകുന്ന സാഹചര്യത്തിൽ, കാലാവസ്ഥാ വ്യതിയാന വെല്ലുവിളികളെ പരിഗണിച്ച് ശാസ്ത്രീയവും പരിസ്ഥിതി സൗഹൃദവുമായ ആസൂത്രണമാണ് നയം ലക്ഷ്യമിടുന്നത്. ക്ലൈമറ്റ്-സ്മാർട്ട് നഗരങ്ങൾ, ഉൾക്കൊള്ളുന്ന വികസനം, അടിസ്ഥാന സൗകര്യ വികസനം, സാമൂഹിക അസമത്വങ്ങൾ കുറയ്ക്കൽ, ഭരണസംവിധാനങ്ങൾ ശക്തിപ്പെടുത്തൽ തുടങ്ങിയവയാണ് നഗര നയത്തിന്റെ പ്രധാന ആസൂത്രണ ദിശകൾ. സാമ്പത്തിക വളർച്ചയും സാമൂഹിക നീതിയും കൈകോർക്കുന്ന മാതൃക നഗര വികസനമാണ് കേരളം ലക്ഷ്യമിടുന്നത്.