കൊച്ചി: മഹാശിവരാത്രി ആഘോഷങ്ങള്‍ക്കായി ആലുവ മണപ്പുറം ഒരുങ്ങി. പിതൃകര്‍മങ്ങള്‍ക്കായി ജനലക്ഷങ്ങള്‍ പെരിയാറിന്റെ തീരത്തേക്ക് ഒഴുകിയെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഞായറാഴ്ചയായതിനാല്‍ ഇത്തവണ വലിയ തിരക്കാണ് കണക്കാക്കുന്നത്. അര്‍ധരാത്രിക്ക് ശേഷമാണ് ബലിതര്‍പ്പണം ഔപചാരികമായി ആരംഭിക്കുക. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് 116 ബലിത്തറകള്‍ ഇതിനായി ലേലം ചെയ്ത് നല്‍കിയിട്ടുണ്ട്. ഇന്ന് അര്‍ധരാത്രിയോടെ ശിവരാത്രി ആരംഭിക്കുന്നതിനാല്‍ ഞായറാഴ്ച രാവിലെ മുതല്‍ തിങ്കളാഴ്ച ഉച്ചവരെ ബലിതര്‍പ്പണം നടത്താമെന്ന് മണപ്പുറം മഹാദേവ ക്ഷേത്രം മേല്‍ശാന്തി അറിയിച്ചു. ചൊവ്വാഴ്ച കുംഭ അമാവാസിയായതിനാല്‍ അന്ന് വാവുബലിയും നടത്താം. ഭക്തജനങ്ങളുടെ സുരക്ഷയ്ക്കായി 1500 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും നാളെ വൈകീട്ട് 4 മുതല്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 2 വരെ നഗരത്തില്‍ ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ദേവസ്വം ബോര്‍ഡ് 2 കോടി രൂപയുടെയും നഗരസഭ 1 കോടി രൂപയുടെയും അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ഒരുക്കിയിട്ടുണ്ട്. ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരമാണ് ആഘോഷങ്ങള്‍. അന്നദാനം, കുടിവെള്ളം, ആംബുലന്‍സ്, അഗ്നിരക്ഷാ സേന, 24 മണിക്കൂര്‍ കണ്ട്രോള് റൂം, സിസിടിവി, വാച്ച് ടവര്‍ എന്നിവ ഉള്‍പ്പെടെ വിപുലമായ സൗകര്യങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. കെഎസ്ആര്‍ടിസി 210 സ്പെഷ്യല്‍ ബസുകള്‍; കൊച്ചി മെട്രോയും ദക്ഷിണ റെയില്‍വേയും പ്രത്യേക സര്‍വീസുകള്‍ നടത്തും. ശിവരാത്രി നാളില്‍ മണപ്പുറത്ത് ആരംഭിക്കുന്ന ഒരു മാസം നീളുന്ന വ്യാപാരമേളക്കും ഇതോടൊപ്പം തുടക്കമാകും.