തൃശ്ശൂർ തിരുവില്വാമലയിൽ ഫോൺ പൊട്ടിത്തെറിച്ച് 8 വയസ്സുകാരി മരിച്ച സംഭവത്തിൽ പുതിയ കണ്ടെത്തൽ. ഫോൺ പൊട്ടിത്തെറിച്ച മുറിയിൽ നിന്ന് പൊട്ടാസ്യം ക്ലോറേറ്റ് , സൾഫർ എന്നിവയുടെ സാന്നിധ്യം കണ്ടെത്തി. ഫോറൻസിക് പരിശോധനയിലാണ് ഇവയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ഏപ്രിൽ 25നാണ് ഫോൺ പൊട്ടിത്തെറിച്ച് തിരുവില്വാമല പട്ടിപ്പറമ്പ് സ്വദേശിനി ആദിത്യശ്രീ മരണപ്പെട്ടത്. മൊബൈൽഫോണിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു പൊട്ടിത്തെറിയുണ്ടായതെന്നാണ് ആ സമയം വീട്ടിലുണ്ടായിരുന്ന കുട്ടിയുടെ മുത്തശ്ശിയുടെ മൊഴി. അപകടത്തെ തുടർന്ന് മുറി പരിശോധിച്ച നടത്തിയ പഴയന്നൂർ പോലീസ് ഫോണിൻ്റെ അവശിഷ്ടവും കിടക്കയുടെ ഭാഗവും രാസ പരിശോധനയ്ക്കായി കാക്കനാട് ലാബിലേക്ക് അയച്ചിരുന്നു. ഫോറൻസിക് പരിശോധനാഫലത്തിൽ പൊട്ടാസ്യം ക്ലോറേറ്റ് , സൾഫർ എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. എങ്ങനെ മുറിയിൽ ഇവയുടെ സാന്നിധ്യം ഉണ്ടായെന്നത് സംബന്ധിച്ച് കുന്നംകുളം എ.സി.പി സി.ആർ.സന്തോഷിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.