ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ഇന്ന് ആരംഭിക്കുന്നു. ആദ്യദിനം തന്നെ ലോക്സഭാ സ്പീക്കർ ഓംബിർളക്കെതിരെ പ്രതിപക്ഷം നൽകിയ അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എത്താനാണ് സാധ്യത. 118 എംപിമാർ ഒപ്പുവെച്ച പ്രമേയം സഭയിൽ പരിഗണിക്കുമ്പോൾ സ്പീക്കർ സഭാനടപടികൾ നിയന്ത്രിക്കില്ല; ഭരണപക്ഷ അംഗങ്ങൾക്കൊപ്പം ഇരിക്കും. ഡെപ്യൂട്ടി സ്പീക്കറുടെ അഭാവത്തിൽ മുതിർന്ന അംഗങ്ങളാണ് സഭയുടെ നടപടികൾ നിയന്ത്രിക്കുകയെന്നതാണ് നിലവിലെ ക്രമീകരണം. സ്പീക്കർ ഭരണപക്ഷത്തിന് അനുകൂലമായി ഏകപക്ഷീയ ഇടപെടലുകൾ നടത്തുന്നുവെന്നും സഭയുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടുവെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ചർച്ച ചെയ്യാൻ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ഞായറാഴ്ച പ്രതിപക്ഷ കക്ഷികൾ യോഗം ചേർന്നു. ഒന്നാംഘട്ടത്തിൽ വിവിധ വിഷയങ്ങളെ ചൊല്ലി പ്രതിപക്ഷം ഒരുമിച്ച് ഇരുസഭകളും പലതവണ സ്തംഭിപ്പിച്ചിരുന്നു. അതേസമയം, ഫെബ്രുവരി 28 മുതൽ പശ്ചിമേഷ്യയിൽ രൂക്ഷമാകുന്ന പ്രതിസന്ധിയെക്കുറിച്ച് വിദേശകാര്യ മന്ത്രി മന്ത്രി എസ് ജയ്ശങ്കർ പാർലമെന്റിനെ അറിയിക്കും. ബജറ്റ് സമ്മേളനം ഏപ്രിൽ 2 വരെ തുടരും.