തിരുവനന്തപുരം : രാജ്യത്തെ എല്ലാ പാചകവാതക ഉപഭോക്താക്കളും ആധാർ അധിഷ്ഠിത ബയോമെട്രിക് ഇ-കെവൈസി പൂർത്തിയാക്കണമെന്ന് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു. ഈ നടപടി നിർബന്ധമാണെന്നും വീട്ടിലിരുന്ന് സ്മാർട്ട്ഫോൺ വഴി സൗജന്യമായി എളുപ്പത്തിൽ ചെയ്യാമെന്നും അറിയിപ്പിൽ പറയുന്നു. എൽപിജി കണക്ഷൻ യഥാർത്ഥ ഉപഭോക്താക്കളുടെ പേരിലാണെന്ന് ഉറപ്പാക്കാനും കൃത്യമായ വിവരങ്ങൾ സൂക്ഷിക്കാനും ഈ വെരിഫിക്കേഷൻ സഹായിക്കും. പാചകവാതക വിതരണം കൂടുതൽ സുഗമമാക്കുന്നതിനും ആനുകൂല്യങ്ങൾ അർഹരായ ഗുണഭോക്താക്കളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുവാനും ഇതിലൂടെ സാധിക്കും. ഭാവിയിൽ എൽപിജി സേവനത്തിൽ തടസം നേരിടാതിരിക്കാനും ഈ പ്രക്രിയ പൂർത്തിയാക്കണമെന്ന് സർക്കാർ ഉപഭോക്താക്കളോട് നിർദേശിച്ചിട്ടുണ്ട്.
മാർച്ച് 9ന് പുറത്തിറക്കിയ വിജ്ഞാപന പ്രകാരം ആഭ്യന്തരമായി പ്രകൃതിവാതകം ഉപയോഗിച്ച് പാചകവാതകം ഉൽപ്പാദിപ്പിക്കുന്ന യൂണിറ്റുകൾക്ക് മുൻഗണനാ അടിസ്ഥാനത്തിൽ പാചകവാതകം ലഭ്യമാക്കും. ഇതുവരെ സിഎൻജി, പൈപ്പ് വഴിയുള്ള പാചകവാതകം എന്നീ മേഖലകൾക്കായിരുന്നു ആഭ്യന്തര പ്രകൃതിവാതക വിതരണത്തിൽ മുൻഗണന നൽകിയിരുന്നത്. എന്നാൽ പുതിയ വിജ്ഞാപനത്തിലൂടെ എൽപിജിയെയും ഈ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. മറ്റ് മേഖലകളിലേക്ക് പ്രകൃതിവാതകം വിതരണം ചെയ്യുന്നതിന് മുൻപായി എൽപിജി, സിഎൻജി, പൈപ്പ് ഗ്യാസ് നിർമ്മാതാക്കൾ എന്നിവരുടെ ആവശ്യങ്ങൾക്കാകും ഇനി മുതൽ പ്രഥമ പരിഗണന നൽകുക. പാചകവാതക ക്ഷാമം രൂക്ഷമായതോടെ അവശ്യവസ്തു നിയമം പ്രയോഗിച്ചാണ് രാജ്യത്ത് വാണിജ്യാവശ്യ സിലിണ്ടറുകളുടെ വിതരണം നിയന്ത്രിച്ചത്. വാണിജ്യ സിലിണ്ടറുകൾ നിലച്ചതോടെ ന്യൂഡൽഹി, മുംബൈ, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ വൻനഗരങ്ങളിൽ ഹോട്ടലുകളുടെയും റെസ്റ്റോറന്റുകളുടെയും പ്രവർത്തനം അവതാളത്തിലായി. പലയിടങ്ങളിലും റെസ്റ്റോറന്റുകൾ അടഞ്ഞു തുടങ്ങി.
അതേസമയം വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ പെട്ടന്നുണ്ടായ ക്ഷാമം പരിശോധിക്കുന്നതിനായി പെട്രോളിയം മന്ത്രാലയം സമിതിയെ നിയോഗിച്ചിട്ടുണ്ട്. പൊതുമേഖലാ എണ്ണക്കമ്പനികളിലെ മൂന്ന് എക്സിക്യൂട്ടീവ് ഡയറക്ടർമാർ അടങ്ങുന്നതാണ് ഈ സമിതി. ഇന്ത്യയിൽ ശരാശരി പ്രതിവർഷം 31.3 ദശലക്ഷം ടൺ പാചകവാതകം ഉപയോഗിക്കുന്നുണ്ട്. ഇതിൽ 87 ശതമാനവും ഗാർഹിക ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. ബാക്കി വാണിജ്യ സ്ഥാപനങ്ങളിലേക്കുമാണ് പോകുന്നത്. അമേരിക്കയും ഇസ്രായേലും ഇറാനെ ലക്ഷ്യംവച്ചുള്ള ആക്രമണം തുടരുന്നതിനാൽ മേഖലയിലുടനീളം ഹോർമുസ് കടലിടുക്ക് വഴിയുള്ള സമുദ്ര ഗതാഗതം നിർത്തലാക്കിയതാണ് ഇന്ത്യയിൽ പാചകവാതക പ്രതിസന്ധിക്ക് കാരണം. ലോകത്ത് കടൽമാർഗ്ഗം കൊണ്ടുപോകുന്ന ഏകദേശം അഞ്ചിലൊന്ന് എണ്ണയും എൽഎൻജി കയറ്റുമതിയുടെ മൂന്നിലൊന്നും കടന്നുപോകുന്നത് ഗൾഫിനെ ആഗോള വിപണികളുമായി ബന്ധിപ്പിക്കുന്ന ഈ പാതയിലൂടെയാണ്.
പാചകവാതക ഉപഭോക്താക്കൾക്ക് ഇ-കെവൈസി നിർബന്ധം: പെട്രോളിയം മന്ത്രാലയം
- Related News
- Latest News