കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി നീക്കി. അന്തരിച്ച സാഹിത്യകാരനും സാമൂഹിക പ്രവർത്തകനുമായ എം കെ സാനു അടക്കമുള്ളവർ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർണായക ഉത്തരവ്. കമ്പനി നിയമപ്രകാരമുള്ള നടപടികൾ പാലിക്കാത്തതും സംഘടനയിലെ സാമ്പത്തികവും ഭരണപരവുമായ ക്രമക്കേടുകളും ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി സ്വീകരിച്ചത്.
എസ്എന്‍ഡിപി യോഗം 2006ന് ശേഷം കണക്കുകൾ സമർപ്പിച്ചിട്ടില്ലെന്നും നിലവിലെ ഭരണസമിതിക്ക് തുടരാൻ യോഗ്യതയില്ലെന്നും ഹർജിക്കാർ വാദിച്ചിരുന്നു. ഹർജിയിൽ വിശദമായ വാദം കേട്ടതിന് ശേഷം ജസ്റ്റിസ് ടി ആര് രവി വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കുകയും ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തു.
കോടതി വിധിപ്രകാരം സംഘടനയുടെ വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, പ്രസിഡന്റ് എംഎന്‍ സോമന്, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് എന്നിവർക്കും സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് കോടതി വ്യക്തമാക്കി. ഇവരെ സ്ഥാനങ്ങളിൽ നിന്ന് നീക്കി, നിയമാനുസൃതമായി പുതിയ ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പിലൂടെ രൂപീകരിക്കാനും കോടതി നിർദേശിച്ചു.
തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ സംഘടനയുടെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാൻ സർക്കാർ നാമനിർദേശം ചെയ്യുന്ന താൽക്കാലിക ഡയറക്ടർ ബോർഡ് ചുമതലയേൽക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഈ ബോർഡ് നിയമാനുസൃതമായ രീതിയിൽ തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതി രൂപീകരിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ഹർജിയിൽ, സംഘടനയിൽ ഏകാധിപത്യ സ്വഭാവവും സാമ്പത്തിക ക്രമക്കേടുകളും നിലനിൽക്കുന്നുവെന്ന ഗുരുതര ആരോപണങ്ങളും ഉന്നയിച്ചിരുന്നു.