ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തെ തുടർന്ന് രാജ്യത്ത് പാചകവാതകത്തിനുള്ള ആവശ്യകത ഉയരുന്നതിനിടെ, ഗ്രാമീണ മേഖലകളിൽ എൽപിജി സിലിണ്ടർ ബുക്കിങ് ഇടവേള 45 ദിവസമായി വർധിപ്പിച്ചു. നേരത്തെ 25 ദിവസമായിരുന്ന ഇടവേളയാണ് പുതുക്കി നിശ്ചയിച്ചത്. അതേസമയം, പ്രതിസന്ധി മറികടക്കുന്നതിനായി രാജ്യത്തെ എൽപിജി ഉത്പാദനവും വർധിപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു.
കേന്ദ്ര സർക്കാർ എണ്ണക്കമ്പനികൾക്ക് ഉത്പാദനം വർധിപ്പിക്കാൻ നിർദേശം നൽകിയതിനെ തുടർന്ന് ആദ്യം 25 ശതമാനവും പിന്നീട് 28 ശതമാനവും ഉത്പാദനം കൂട്ടി. ഖത്തർ, യുഎഇ, സൗദി അറേബ്യ, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതിക്കു പകരമായി അമേരിക്ക, നോർവേ, കാനഡ, അൾജീരിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള ഇന്ധന ഇറക്കുമതി വർധിപ്പിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. നിലവിൽ രാജ്യത്തുടനീളം 25,000 വിതരണക്കാരുടെ സഹായത്തോടെ പ്രതിദിനം ഏകദേശം 50 ലക്ഷം സിലിണ്ടറുകൾ വിതരണം ചെയ്യുന്നുണ്ടെന്നും അനാവശ്യ ഭീതിയും സംഭരണവും ഒഴിവാക്കി ഇന്ധനം മിതമായി ഉപയോഗിക്കണമെന്ന് മന്ത്രാലയം ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.