Newsperseconds.com

ഹോര്‍മൂസിലേക്ക് കൂടുതല്‍ ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍; എണ്ണക്കപ്പലുകള്‍ക്ക് സുരക്ഷയൊരുക്കും

Formas

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങലുടെ പശ്ചാത്തലത്തില്‍ ഒമാന്‍ ഉള്‍ക്കടലില്‍ ഇന്ത്യ യുദ്ധക്കപ്പലുകളുടെ സാന്നിധ്യം വര്‍ധിപ്പിക്കുന്നു. സൈനിക സംഘര്‍ഷങ്ങളുടെ കേന്ദ്രമായ ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകുന്ന ഇന്ത്യന്‍ എണ്ണ കപ്പലുകള്‍ക്ക് സുരക്ഷ ഒരുക്കാനാണ് നീക്കം. ഹോര്‍മുസ് കടലിടുക്കിന്റെ ദക്ഷിണഭാഗത്തുള്ള ഒമാന്‍ തീരക്കടലിലാണ് ഇന്ത്യന്‍ യുദ്ധക്കപ്പല്‍ വിന്യസിക്കുക. ഇന്ത്യന്‍ പതാകവഹിക്കുന്ന കൂടുതല്‍ ഇന്ധന കപ്പലുകളെ ഇതുവഴി കടന്നുപോകാന്‍ ഇറാന്‍ അനുവദിച്ചേക്കുമെന്ന പ്രതീക്ഷയാണ് നാവികസേനയുടെ പുതിയ നീക്കത്തിന് പിന്നില്‍.
മൂന്ന് ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ നിലവില്‍ ഒമാന്‍ ഉള്‍ക്കടലിന്റെ കിഴക്ക് ഭാഗത്തായി നിലയുറപ്പിച്ചിട്ടുണ്ട്. ഇവയുടെ നിരീക്ഷണത്തിലാണ് ഇന്ധന വാഹിനി കപ്പലുകള്‍ ഇന്ത്യയിലേക്ക് യാത്ര നടത്തിയിരുന്നത്. കൂടുതല്‍ കപ്പലുകളെത്തുന്നതോടെ മേഖലയിലെ ഇന്ത്യന്‍ യുദ്ധക്കപ്പലുകളുടെ ഏഴായി ഉയരും.
കഴിഞ്ഞയാഴ്ച ഹോര്‍മുസ് കടലിടുക്ക് വഴി 92,712 മെട്രിക് ടണ്‍ എല്‍പിജിയുമായി ശിവാലിക്, നന്ദ ദേവി കപ്പലുകള്‍ ഇന്ത്യന്‍ തുറമുഖങ്ങളില്‍ എത്തിയിരുന്നു. മേഖലയിലെ ഇന്ത്യന്‍ നാവികസേനയുടെ ‘ഓപ്പറേഷന്‍ സങ്കല്‍പ്പ്’ എന്ന ദൗത്യത്തിലൂടെയാണ് കപ്പലുകള്‍ എത്തിച്ചത്. ഇതിന് പുറമെ യുഎഇയിലെ ഫുജൈറ തുറമുഖത്ത് നിന്ന് പുറപ്പെട്ട എണ്ണ ടാങ്കറിനും ഒമാന്‍ ഉള്‍ക്കടലില്‍ ഇന്ത്യന്‍ യുദ്ധക്കപ്പല്‍ അകമ്പടി നല്‍കിയിരുന്നു.
ഇറാനെതിരായ യുഎസിന്റെയും ഇസ്രായേലിന്റെയും ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയില്‍ സാഹചര്യങ്ങള്‍ രൂക്ഷമായതോടെയാണ് ഹോര്‍മുസ് കടലിടുക്കിലെ ചരക്ക് നീക്കം പ്രതിസന്ധിയിലായത്. ആഗോള അസംസ്‌കൃത വസ്തുക്കളുടെ 20% വിതരണം നടക്കുന്ന പാതയിലുണ്ടായ പ്രതിസന്ധി എണ്ണ വിലയെ ഉള്‍പ്പെടെ സ്വാധീനിച്ചിട്ടുണ്ട്. ഇന്ത്യയുടെ പതാക വഹിക്കുന്ന ഇരുപത്തിരണ്ട് കപ്പലുകള്‍ ഹോര്‍മൂസ് കടലിടുക്കിന് പടിഞ്ഞാറ് കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് ഷിപ്പ്ങ് മന്ത്രാലയത്തിന്റെ കണക്കുകള്‍.

Share this Article

Leave a Comment