കരൂര്‍ ദുരന്തത്തിലും, ജന നായകന്‍ സിനിമയുടെ റിലീസ് വൈകുന്നതിലും രാഷ്ട്രീയ ഗൂഢാലോചന ആരോപിച്ച് നടനും ടിവികെ നേതാവുമായ വിജയ്. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുച്ചിറപ്പള്ളി മണ്ഡലത്തില്‍ നാമ നിര്‍ദേശ പട്ടിക സമര്‍പ്പിച്ച ശേഷം പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ടാണ് വിജയ് ഗുഢാലോചന ആരോപിച്ചത്.
‘എനിക്ക് നീതി വേണം’ എന്ന ആവശ്യം ഉന്നയിച്ചായിരുന്നു വിജയ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്. എല്ലാ പാര്‍ട്ടികളും ഒത്തുചേര്‍ന്ന് നിങ്ങളുടെ വിജയിയെ എതിര്‍ക്കുന്നു. അത് എങ്ങനെയെന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ എന്ന ചോദ്യം ഉയര്‍ത്തിയാണ് വിജയ് പ്രസംഗം ആരോപിച്ചത്. ജനനായകന്‍ സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കാത്തതും കരൂര്‍ സംഭവത്തിന് പിന്നിലെ ഗൂഢാലോചനയും ജനങ്ങളുമായുള്ള ബന്ധം ശക്തമാക്കും. തെരഞ്ഞെടുപ്പില്‍ ആ സിനിമ ഒരു വലിയ ആയുധമാകുമെന്ന് അവര്‍ ഭയപ്പെടുന്നു. ഇതില്‍ നിന്നെല്ലാം എനിക്ക് നീതി വേണം, വിജയ് പറഞ്ഞു.
തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ കടന്നാക്രമിക്കാനും വിജയ് പൊതുയോഗത്തില്‍ തയ്യാറായി. എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി എം കെ സര്‍ക്കാറിനെ ‘തിന്മയുടെ ശക്തി’ എന്നാണ് വിജയ് വിശേഷിപ്പിച്ചത്. തമിഴ്‌നാട്ടിലെ സ്റ്റാലിന്‍ സര്‍ക്കാര്‍ ജനവിരുദ്ധമാണ്, ഇവരെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്നും വിജയ് ആവശ്യപ്പെട്ടു.
രാജ്യത്തെ എല്‍പിജി ക്ഷാമത്തിന് കാരണം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ദീര്‍ഘവീക്ഷണമില്ലായ്മയാണെന്നും വിജയ് പറഞ്ഞു. മുന്‍കൂട്ടി നിയന്ത്രണങ്ങള്‍ നടപ്പാക്കിയിരുന്നു എങ്കില്‍ പ്രതിസന്ധി ഒഴിവാക്കാമായിരുന്നു. എല്‍പിജി സിലിണ്ടര്‍ പ്രതിസന്ധി പരിഹരിക്കാന്‍ സ്റ്റാലിന്‍ കേന്ദ്ര സര്‍ക്കാരുമായി ഒരു ഇടപെടലും നടത്തിയില്ല. കുടുംബത്തില്‍ റെയ്‌ഡോ മറ്റെന്തെങ്കിലും പ്രശ്‌നമോ ഉണ്ടായാല്‍ സ്റ്റാലിന്‍ ഉടന്‍ ഡല്‍ഹിയിലേക്ക് പറക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ ജനങ്ങളെ നേരിട്ട് ബാധിച്ച എല്‍പിജി വിഷയത്തില്‍ ഇതുണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു.
തമിഴ്‌നാട് രാഷ്ട്രീയത്തില്‍ കന്നിപോരാട്ടത്തിന് ഇറങ്ങുന്ന വിജയ് പെരമ്പൂര്‍, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളില്‍ നിന്നാണ് ജനവിധി തേടുന്നത്. കഴിഞ്ഞ ആഴ്ച പെരമ്പൂരിലും പത്രിക സമര്‍പ്പിച്ചിരുന്നു.
കരൂര്‍ ദുരന്തത്തില്‍ ഗൂഢാലോചന, ജനനായകൻ തടഞ്ഞത് രാഷ്ട്രീയ പകപോക്കൽ; തുറന്നടിച്ച് വിജയ്
- Related News
- Latest News