തിരുവനന്തപുരം: ക്ഷേമപെന്ഷന് വൈകിയതിനെ തുടര്‍ന്ന് തെരുവിലേക്കിറങ്ങിയ മറിയക്കുട്ടിക്കെതിരെയുള്ള ദേശാഭിമാനി വാര്‍ത്ത പാര്‍ട്ടിക്ക് കളങ്കമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്. എന്നാല്‍ പറ്റിയത് മാനുഷികമായ തെറ്റാണെന്നും തിരുത്തിയതോടെ പ്രശ്നം തീര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അതിന്റെ പേരില്‍ പ്രായമായ സ്ത്രീയെ കോടതിയില്‍ പോകാനൊക്കെ പ്രേരിപ്പിക്കുന്നത് വലിയ കഷ്ടമാണെന്നും ഇപി പറഞ്ഞു.
നവകേരള സദസ്സിന്റെ പേര് പറഞ്ഞ് വിവാദമുണ്ടാക്കാന്‍ നോക്കുന്നവര്‍ വെറുതെ സമയം കളയുകയാണെന്നും എല്‍ഡിഎഫ് ഭരണ നേട്ടങ്ങളുടെ നെറുകയിലാണെന്ന് കൂടി അദ്ദേഹം പറഞ്ഞു. നവകേരള സദസ്സ് പ്രാദേശിക പ്രശ്നങ്ങള്‍ അറിയാനും പരിഹരിക്കാനുമാണ് ഉദ്ദേശിക്കുന്നത്.
ക്ഷേമപെന്ഷന് കിട്ടാന്‍ കാലതാമസം വന്നതിനെ തുടര്‍ന്നാണ് മറിയക്കുട്ടിയും അന്ന ഔസേപ്പും കഴിഞ്ഞയാഴ്ച അടിമാലിയില്‍ ഭിക്ഷ യാചിച്ച് ഇറങ്ങിയത്. തുടര്‍ന്ന് ഇരുവരെയും കുറ്റപ്പെടുത്തി ദേശാഭിമാനി നല്കിയ വാര്‍ത്തകളോടെ സംഭവം വിവാദമാവുകയായിരുന്നു.