സന്നിധാനത്ത് വീണ്ടും അയ്യപ്പ സ്വാമിയുടെ പിന്‍കോഡ് സജീവമായി. സ്വന്തമായി തപാല്‍ പിന്‍കോഡുള്ള രണ്ട് പേര്‍ മാത്രമാണ് നമ്മുടെ രാജ്യത്തുള്ളത്. ഭാരതത്തിന്റെ പ്രസിഡന്റിന്റെ പിന്‍കോഡ് കഴിഞ്ഞാല്‍ സാക്ഷാല്‍ ശ്രീ ശബരിമല അയ്യപ്പന് മാത്രമാണ് ഭാരതത്തില്‍ സ്വന്തമായി പിന്‍ കോഡ് ഉള്ളത്. 689713 എന്നതാണ് അയ്യപ്പ സ്വാമിയുടെ പിന്‍കോഡ്. സന്നിധാനത്തെ തപാല്‍ ഓഫീസും ഈ പിന്‍കോഡും വര്‍ഷത്തില്‍ മൂന്നുമാസം മാത്രമാണ് സജീവമായിരിക്കുക. ഉല്‍സവകാലം കഴിയുന്നതോടെ പിന്‍കോഡ് നിര്‍ജീവമാകും. മണ്ഡല മകര വിളക്ക് കാലത്തു മാത്രമാണ് ഓഫീസിന്റെ പ്രവര്‍ത്തനം ഉണ്ടാവുക.
പതിനെട്ടാംപടിയും അയ്യപ്പവിഗ്രഹവും ഉള്‍പ്പെടുന്ന തപാല്‍മുദ്രയും ഇവിടുത്തെ പ്രത്യേകതകളില്‍ ഒന്നാണ്. രാജ്യത്ത് മറ്റൊരിടത്തും തപാല്‍വകുപ്പ് ഇത്തരം വേറിട്ട തപാല്‍മുദ്രകള്‍ ഉപയോഗിക്കുന്നില്ല. തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും വീടുകളിലേക്കും ഈ ഐശ്വര്യ മുദ്ര ചാര്‍ത്തിയ കത്തുകള്‍ അയയ്ക്കാന്‍ വേണ്ടി നിരവധി തീര്‍ത്ഥാടകരാണ് നിത്യവും സന്നിധാനം തപാല്‍ ഓഫീസിലെത്തുന്നത്. ഇതിലൂടെ ഏറ്റവും കൂടുതല്‍ കത്ത് ലഭിക്കുന്നത് നിത്യബ്രഹ്മചാരിയായ അയ്യപ്പസ്വാമിക്കാണ്. ഉല്‍സവകാലം കഴിഞ്ഞാല്‍ ഈ തപാല്‍മുദ്ര പത്തനംതിട്ട പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിന്റെ ലോക്കറിലേക്ക് മാറ്റും. പിന്നെ അടുത്ത ഉല്‍സവകാലത്താണ് ഈ മുദ്ര കാണാന്‍ പറ്റുന്നത്.
ഉദ്ദിഷ്ടകാര്യ ലാഭത്തിനും ആകുലതകള്‍ പങ്കുവെച്ചും പ്രണയം പറഞ്ഞുമുള്ള കത്തുകള്‍. ഉദ്ദിഷ്ടകാര്യങ്ങള്‍ നടത്തിത്തരണമെന്നാവശ്യപ്പെട്ടുള്ള മണിഓര്‍ഡറുകള്‍, വീട്ടിലെ വിശേഷങ്ങളുടെ ആദ്യക്ഷണക്കത്തുകള്‍ തുടങ്ങി ഒരുവര്‍ഷം വായിച്ചാല്‍ തീരാത്തത്ര എഴുത്തുകളാണ് അയ്യപ്പന്റെ പേരുവെച്ച് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഭക്തര്‍ അയയ്ക്കുന്നത്.