കോട്ടയം മാഞ്ഞൂരിൽ അകാരണമായി കെട്ടിട നമ്പർ നിഷേധിച്ചതിനെ തുടർന്ന് പഞ്ചായത്തിനെതിരെ റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രവാസി സംരംഭകനെ പ്രതിയാക്കി പൊലീസ്. ഷാജി ജോർജ് യുകെയിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. അതേസമയം, കേസ് സ്വാഭാവിക നടപടി ക്രമത്തിന്റെ ഭാഗമായുള്ളതാണെന്ന് കടുത്തുരുത്തി പൊലീസിന്റെ വിശദീകരണം.
ഈ മാസം ഏഴാം തീയതിയായിരുന്നു മാഞ്ഞൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഷാജി മോൻ ജോർജ് അകാരണമായി കെട്ടിട നമ്പർ നിഷേധിച്ചതിനെ തുടർന്ന് പ്രതിഷേധിച്ചത്. 25 കോടി ചെലവിട്ട് സംരംഭം തുടങ്ങിയിട്ടും ചുവപ്പുനാടയിൽ കുരുക്കിയിട്ട പഞ്ചായത്തിനെതിരായ ഷാജിയുടെ പ്രതിഷേധം. മന്ത്രിമാരടക്കം നേരിട്ട് ഇടപെട്ട് രണ്ട് മണിക്കൂർ കൊണ്ട് പ്രശ്നത്തിന് പരിഹാരവും ഉണ്ടാക്കിയിരുന്നു. പ്രശ്നങ്ങൾ അവസാനിച്ചെന്ന് കരുതി ഷാജിമോൻ തിരികെ യുകെയിലേക്ക് മടങ്ങിയതിനു പിന്നാലെയാണ് പൊലീസ് ഇന്നലെ ഹാജരാകണമെന്ന് കാണിച്ച് ഷാജിമോന് അറിയിപ്പ് വാട്സ് ആപ്പിലൂടെ അറിയിച്ചത്. സമര ദിനത്തിൽ ഷാജിമോൻ ഗതാഗത തടസവും പൊതുജന ശല്യവും ഉണ്ടാക്കിയെന്നും പഞ്ചായത്ത് കോമ്പൗണ്ടിൽ അതിക്രമിച്ചു കയറി സമരം ചെയ്തെന്നും കാട്ടിയാണ് കടുത്തുരുത്തി പൊലീസ് കേസെടുത്തിരിക്കുന്നത്.