റോബിന് ബസിനെതിരെ വീണ്ടും നടപടിയുമായി തമിഴ്നാട് മോട്ടോര്‍ വാഹന വകുപ്പ്. രേഖകള്‍ പരിശോധിക്കുന്നതിനായി റോബിന് ബസ് ഗാന്ധിപുരം ആര്‍ടിഒ ഓഫീസിലേക്ക് തമിഴ്നാട് എംവിഡിയുടെ നിർദേശം. ഇന്നലെ തമിഴ്നാട് ഉദ്യോഗസ്ഥര്‍ റോബിന് ബസ് തടയുകയും, 70,410 രൂപ പിഴ ഈടാക്കുകയും ചെയ്തതിനു പിന്നാലെയാണ് നടപടി.
റോബിൻ ബസിനെതിരെ ഇന്നും കേരളത്തിൽ പരിശോധന നടന്നിരുന്നു. കോട്ടയം-ഇടുക്കി അതിര്‍ത്തിയായ കരിങ്കുന്നത്തു വെച്ചാണ് ഇന്ന് ബസ് പരിശോധിച്ചത്. പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടി ബസിനെതിരെ 7500 രൂപ പിഴയും ചുമത്തി.
സംസ്ഥാനത്ത് ഇന്നലെ അഞ്ചു തവണയാണ് മോട്ടോര്‍ വാഹനവകുപ്പ് റോബിന് ബസിനെ തടഞ്ഞത്. വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി 37,500 രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു. റോബിൻ ബസ് ഓടുന്ന അതേ റൂട്ടിൽ തന്നെ കെഎസ്ആർടിസിയും സർവീസ് ആരംഭിച്ചു. റോബിന് ബസ് പത്തനംതിട്ടയില്‍ നിന്ന് പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുന്‍പ് ലോ ഫ്ലോര്‍ ബസ് യാത്ര പുറപ്പെട്ടത്.
അതേസമയം, ബസ് തടഞ്ഞതില്‍ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തിയിരുന്നു. റോബിന് ബസിന് പിന്തുണയുമായി എത്തിയ നാട്ടുകാര്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടിക്കെതിരെ പ്രതിഷേധിച്ചു.