നവ കേരള സദസ്സ് കണ്ണൂർ ജില്ലയില്‍ ഇന്നും തുടരും. അഴീക്കോട്, കണ്ണൂർ, ധർമ്മടം, തലശ്ശേരി മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ്സ് നടക്കുക. പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഈ മണ്ഡലങ്ങൾക്ക് പുറമേ മട്ടന്നൂർ, പേരാവൂർ, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ പൗരപ്രമുഖരുമായി രാവിലെ 9 മണിക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും സംവദിക്കും. രാവിലെ 10.30നാണ് മുഖ്യമന്ത്രിയുടെ പതിവ് വാർത്താ സമ്മേളനം. മുഖ്യമന്ത്രിക്കെതിരെ ഇന്നലെ ഉണ്ടായ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് വേദികളിൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്തിയത്.
നവകേരള സദസ് ജനങ്ങള്‍ ഏറ്റെടുത്തതിലുള്ള രോഷം തീര്‍ക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ അക്രമം അഴിച്ചുവിടുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. നവകേരള സദസ്സിനെ കരിങ്കൊടി കാണിച്ച് ചെറുതാക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പഴയങ്ങാടിയിൽ നടന്ന യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് പിന്നിൽ നിഗൂഢ അജണ്ടയുണ്ടെന്നും സിപിഎം പ്രവർത്തകരോട് പ്രകോപിതരാകാൻ പാടില്ലെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.