തൃശൂരിൽ വിവേകോദയം സ്കൂളിൽ എയർഗണ്ണുമായെത്തി വെടിവയ്പ് നടത്തിയ സംഭവത്തിൽ അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ്. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസിന് മന്ത്രി വി ശിവൻകുട്ടി ഇതു സംബന്ധിച്ച് നിർദേശം നൽകി. രണ്ടു ദിവസത്തിനകം പൊതുവിദ്യാഭ്യാസ ഡയറക്ടർ അന്വേഷണം പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണം. ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്നും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും മന്ത്രി.
പൊതുവിദ്യാഭ്യാസ ഡയറക്ടർ അന്വേഷണം പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചതിനു ശേഷം സർക്കാർ തുടർ നടപടകൾ സ്വീകരിക്കും. ഇന്നു രാവിലെ 11 മണിയോടെയായിരുന്നു വിവേകോദയ സ്കൂളിലെ പൂർവ്വ വിദ്യാർഥിയായ മുളയം സ്വദേശി ജഗൻ തോക്കുമായെത്തി ക്ലാസ് റൂമിൽ കയറി 3 തവണ വെടിയുതിർത്തത്.
തോക്കുമായെത്തി സ്റ്റാഫ് റൂമിൽ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വെടിയുതിർത്ത ശേഷം ഓടുന്നതിനിടെ നാട്ടുകാർ ചേർന്ന് ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.