യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച സംഭവത്തിൽ മുഖ്യ പ്രതി എം ജെ രഞ്ചു ഒളിവിൽ. ഇന്ന് ചോദ്യം ചെയ്യലിന് രഞ്ചു ഹാജരായില്ല. യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റാണ് രഞ്ചു. ഇന്ന് മ്യൂസിയം സ്റ്റേഷനിൽ ഹാജരാകാൻ രഞ്ജുവിന് നോട്ടീസ് നൽകിയിരുന്നു.
അതേസമയം, യൂത്ത് കോണ്‍ഗ്രസ് വ്യാജ ഐഡി കാര്‍ഡ് കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദ്യം ചെയ്യലിനായി പോലീസ് സ്റ്റേഷനിലെത്തി. ഇന്ന് രാവിലെ പത്ത് മണിയോടെ മ്യൂസിയം പോലീസ് സ്റ്റേഷനിലാണ് രാഹുല്‍ ഹാജരായത്. കേസില്‍ രാഹുലിന്റെ വിശ്വസ്തരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്.
കന്റോണ്‍മെന്റ് അസി.കമ്മീഷണറുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. കൂടാതെ, കേസില്‍ അറസ്റ്റിലായ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം നല്കിയ സിജെഎം കോടതി വിധിക്കെതിരെ അപ്പീല്‍ നല്കാന് പൊലീസ് തീരുമാനിച്ചു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
കേസില്‍ ഒന്നും ഒളിക്കാനും മറയ്ക്കാനുമില്ലെന്നും ചോദ്യം ചെയ്യലിനെ പേടിയില്ലെന്നും അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകുമെന്നും രാഹുല്‍ പറഞ്ഞു. അന്വേഷണവുമായി സഹകരിക്കുമെന്നും അന്വേഷണത്തിന് ഒരു തടസവും സൃഷ്ടിക്കില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.