കൊച്ചി: കൊച്ചി കുസാറ്റില്‍ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാലു വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ ചികിത്സ സൗകര്യങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. നാലു വിദ്യാര്‍ത്ഥികള്‍ മരിക്കുകയും 46ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അപകട വാര്‍ത്ത അറിഞ്ഞ ഉടനെ കോഴിക്കോട് നടക്കുന്ന നവകേരള സദസ് മാറ്റി വെച്ച് മന്ത്രിമാര്‍ കളമശ്ശേരിയിലേക്ക് തിരിച്ചു. മന്ത്രിമാരായ പി. രാജീവ്, ആര്. ബിന്ദു എന്നിവരാണ് കോഴിക്കോട്ടുനിന്നും കളമശ്ശേരിയിലേക്ക് പുറപ്പെട്ടത്. പ്രതിപക്ഷ നേതാവ് വിഡി സതീശനും സ്ഥലം സന്ദര്‍ശിക്കാന്‍ പുറപ്പെട്ടിട്ടുണ്ട്. ചികിത്സ കാര്യങ്ങളില്‍ ആരോഗ്യമന്ത്രി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും. കൂടുതല്‍ ക്രമീകരണങ്ങളൊരുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്കി. സ്വകാര്യ ആശുപത്രികള്‍ക്കും സജ്ജമാകാന്‍ നിര്‍ദേശം നല്കി.
ടെക് ഫെസ്റ്റിന്റെ സമാപന ദിവസമായ ഇന്ന് പ്രശസ്ത ഗായിക ധ്വനി ബാനുഷലിയുടെ ഗാനമേള നടന്നുകൊണ്ടിരിക്കെയാണ് അപകടം ഉണ്ടായത്. പരിപാടി നടന്ന ഓഡിറ്റോറിയത്തില്‍ നിരവധി വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. നൃത്തം ചെയ്ത് ആഘോഷമായി വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ പരിപാടി ആസ്വദിക്കുന്നതിനിടെ മഴ പെയ്യുകയായിരുന്നു. തുടര്‍ന്ന് പുറത്തു നിന്ന കാണികള്‍ അടക്കം ഉള്ളിലേക്ക് ഇരച്ചു കയറുകയായിരുന്നു. പിന്നീട് വലിയ തിക്കും തിരക്കും അനുഭവപ്പെട്ടു. ചില കുട്ടികള്‍ നിലത്ത് വീഴുകയായിരുന്നു. നിലത്ത് വീണ പലര്‍ക്കും ചവിട്ടേറ്റു. പരിക്കേറ്റവരെ തൊട്ടടുത്ത കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും നാല് പേര് മരിച്ചെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റവരെല്ലാം വിദ്യാര്‍ത്ഥികളാണെന്നാണ് കരുതുന്നത്.