തൃശൂർ മലക്കപ്പാറ വീരൻകുടി ഊരിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വയോധിക മരിച്ചു. ഇന്നലെ പ്രത്യേക മെഡിക്കൽ സംഘം ഊരിലെത്തി ചികിത്സ നൽകിയതിനു പിന്നാലെയാണ് ഇന്ന് രാവിലെയാണ് കമലമ്മ പാട്ടി(94) മരിച്ചത്.
വാർദ്ധക്യസഹജമായ അസുഖങ്ങൾക്കൊപ്പം പക്ഷാഘാതം പിടിപെട്ടിരുന്നു.അവശനിലയിലായ വ്യദ്ധയുടെ ശരീരത്തിൽ വ്രണങ്ങൾ രൂപപ്പെടുകയും പുഴുവരിക്കുകയും ചെയ്തിരുന്നു. ആരോഗ്യവകുപ്പിനെയും ട്രൈബൽ വകുപ്പിനെയും ആരോഗ്യസ്ഥിതി അറിയിച്ചെങ്കിലും ഇടപെട്ടിരുന്നില്ല. തുടർന്ന് ഇന്നലെ രാവിലെ മാധ്യമങ്ങളിൽ വാർത്ത വന്നതിന് പിന്നാലെ മന്ത്രി കെ രാധാകൃഷ്ണനും കളക്ടറും ഇടപെട്ട് മെഡിക്കൽ സംഘത്തെ ഊരിലേക്ക് അയക്കുകയായിരുന്നു. ഇവർക്കാവശ്യമായ ചികിൽസ നൽകി ആശുപത്രിയിൽ പ്രവേശിപ്പിക്കാനും മന്ത്രി കെ രാധാകൃഷ്ണൻ നിർദേശിച്ചിരുന്നെങ്കിലും കമലമ്മ പാട്ടി ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.