ഗവർണർക്കെതിരെ കേരള സർക്കാർ നൽകിയ ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകുന്നതിനെതിരെയാണ് സർക്കാർ സുപ്രിംകോടതിയെ സമീപിച്ചത്. ചുമതലകൾ നിർവഹിക്കുന്നതിൽ ഗവർണർ വീഴ്ച വരുത്തിയെന്നും ബില്ലുകൾ ഒപ്പിടാൻ നിർദേശിക്കണമെന്നും ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും സർക്കാർ ഹർജിയിൽ പറയുന്നു.
കഴിഞ്ഞ തവണ സംസ്ഥാനം നൽകിയ റിട്ട് ഹർജി പരിഗണിച്ചപ്പോൾ, പഞ്ചാബ് കേസിലെ വിധി വായിച്ച് തുടർനടപടി സ്വീകരിച്ച് അറിയിക്കാൻ ഗവർണറുടെ ഓഫീസിനോട് സുപ്രിംകോടതി ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്ന് കേരള നിയമസഭ പാസാക്കിയ 7 ബില്ലുകൾ ഗവർണർ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയച്ചു. ഇക്കാര്യം ഇന്ന് സോളിസിറ്റർ ജനറൽ സുപ്രിംകോടതിയെ അറിയിക്കും. ഭരണഘടനയുടെ ആർട്ടിക്കിൾ 168 പ്രകാരം ഗവർണർ നിയമനിർമ്മാണ സഭയുടെ ഭാഗമാണെന്നാണ് സർക്കാർ വാദം.മുമ്പ് അംഗീകരിച്ച മൂന്ന് ഓർഡിനൻസുകൾ ബില്ലായി മുന്നിലെത്തിയപ്പോൾ ഗവർണർ ഒപ്പുവെച്ചില്ലെന്നാണ് സർക്കാരിൻ്റെ ആക്ഷേപം.