കൊല്ലം ഓയൂരിലെ ആറുവയസുകാരിയെ തട്ടികൊണ്ടുപോയ കേസിൽ അന്വേഷണം പ്രതിസന്ധിയിൽ. പ്രത്യേക അന്വേഷണം സംഘം വിപുലീകരിച്ചിട്ടും പ്രതികളെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. പ്രതികൾ വാഹനത്തിൽ പോയ കൂടുതൽ ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് സംഘം ശേഖരിച്ചു. അതേസമയം, കൊല്ലം ഓയൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ച കുട്ടി ഇന്ന് സ്വകാര്യ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങും.
രണ്ട് ദിവസം പിന്നിട്ടിട്ടും രേഖാ ചിത്രങ്ങളല്ലാതെ പ്രതികളെ സംബന്ധിച്ച പ്രാഥമിക വിവരങ്ങൾ പോലും ഇതുവരെ ലഭിച്ചിട്ടില്ല. പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നത് പൊലീസിന്റെ അന്വേഷണത്തെ കാര്യമായി ബാധിച്ചിച്ചിട്ടുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാർ, സഞ്ചരിച്ച വഴി, താമസിപ്പിച്ച വീട്, വ്യാജ നമ്പർ പ്ലേറ്റ് ഉണ്ടാക്കിയ സ്ഥാപനം എന്നിവ ഇനിയും കണ്ടെത്തിയിട്ടില്ല. വ്യാജ നമ്പർ പ്ലേറ്റ് നിർമ്മിച്ച സ്ഥാപനത്തോട് പൊലീസുമായി കഴിഞ്ഞ ദിവസം ബന്ധപ്പെടാൻ നിർദേശം നൽകിയിരുന്നു.
അന്വേഷണ പുരോഗതി വിലയിരുത്താൻ കൊട്ടാരക്കര ഡിവൈഎസ്പി ഓഫീസിൽ ഡിഐജി ആർ നിശാന്തിനിയുടെ നേതൃത്വത്തിൽ ഇന്നലെ മണിക്കൂറുകൾ നീണ്ട യോഗം ചേർന്നിരുന്നു.
നവംബർ 27-നാണ് കൊല്ലം ഓയൂരിൽ നിന്ന് ആറ് വയസ്സുകാരി അബിഗേലിനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. ഇതിന് പിന്നാലെ ആദ്യം അഞ്ച് ലക്ഷം രൂപയും പിന്നീട് 10 ലക്ഷം രൂപയും മോചനദ്രവ്യമായി ആവശ്യപ്പെട്ട് കുട്ടിയുടെ കുടുംബത്തിന് ഫോൺ കോൾ വന്നു. പൊലീസ് ഊർജ്ജിതമായ അന്വേഷണം നടത്തിയതിനു പിന്നാലെ, കുഞ്ഞിനെ ആശ്രാമം മൈതാനത്തുനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയൽ കണ്ടെത്തുകയായിരുന്നു.