Newsperseconds.com

‘ഡിജി കേരളം’; സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത യജ്ഞം സംസ്ഥാനത്താകെ വ്യാപിപ്പിക്കും; വാരാഘോഷത്തിനു തുടക്കം കുറിച്ചു

Untitled 1

കേരളത്തിന്റെ വികസന കുതിപ്പിലേക്ക് അടുത്ത മുന്നേറ്റമായി ഡിജിറ്റല്‍ സാക്ഷരത അടയാളപ്പെടുത്തുപ്പെടുമെന്ന് വി.കെ.പ്രശാന്ത് എംഎല്‍എഅഭിപ്രായപ്പെട്ടു. ഡിജിറ്റല്‍ മേഖലയില്‍ സ്വന്തം ഇടം സൃഷ്ടിക്കാന്‍ എല്ലാവര്‍ക്കും സാധിക്കണം. സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത യജ്ഞം സംസ്ഥാനത്താകെ വ്യാപിപ്പിക്കണം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും റോബോട്ടിക്സ് സയന്‍സിന്റെയും കാലത്ത് അതില്‍ നിന്നും പിന്മാറി നില്‍ക്കാതെ പുത്തന്‍ സാങ്കേതിക വിദ്യകളെ പരിചയപ്പെടണം. അന്താരാഷ്ട്ര ഡിജിറ്റല്‍ സാക്ഷരതാ ദിനത്തോടനുബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റില്‍ സംഘടിപ്പിച്ച ഡിജിറ്റല്‍ സാക്ഷരതാ വാരാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുഴുവന്‍ ആളുകളെയും ഡിജിറ്റല്‍ സംവിധാനത്തില്‍ പ്രവീണ്യം ഉള്ളവരാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, സ്മാര്‍ട്ട് ഫോണ്‍, സമൂഹമാധ്യമങ്ങള്‍ തുടങ്ങിയ ഡിജിറ്റല്‍ സംവിധാനങ്ങളുടെ പ്രയോജനം മനസിലാക്കുക, ദുരുപയോഗം തിരിച്ചറിയുക തുടങ്ങിയവയും പദ്ധതി ലക്ഷ്യമിടുന്നു. ഏറ്റവും കൂടുതല്‍ സാക്ഷരത നേടിയവരാണ് മലയാളികള്‍. അവരെ ഡിജിറ്റല്‍ സാക്ഷരതയിലേക്ക് നയിക്കുകയെന്ന ഉദ്യമത്തിലേക്ക് കൂടി നമ്മള്‍ കടക്കുകയാണ്. ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പടെയുള്ള ആധികാരിക രേഖകള്‍ കയ്യിലെമൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് എടുക്കാന്‍ സംവിധാനമുണ്ടായിരിക്കെ ഇന്നും പലരും പഞ്ചായത്തിലും കോര്‍പ്പറേഷനിലും കയറിയിറങ്ങുകയാണ്. എല്ലാ സര്‍ട്ടിഫിക്കറ്റുകളും ഡിജിറ്റലായി എടുക്കാന്‍ ഇവരെ പര്യാപ്തരാക്കേണ്ടതുണ്ട്.

ചെറുപ്പക്കാരിലൂടെയും വിദ്യാര്‍ത്ഥികളിലൂടെയും ഡിജിറ്റല്‍ സാങ്കേതികതയുടെ സൗകര്യം വീടുകളിലെത്തിച്ച് മുതിര്‍ന്നവരെ ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന സാഹചര്യത്തിലേക്ക് കൊണ്ടുവരാനാകണമെന്നും എം എല്‍ എ പറഞ്ഞു. തദ്ദേശസ്വയം ഭരണ വകുപ്പിന്റെ ‘ ഡിജി കേരളം” എന്ന ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയിലൂടെ ഈ ലക്ഷ്യം കൈവരിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ‘ഡിജി കേരളം’.

ഈ പദ്ധതി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ സന്നദ്ധ പ്രവര്‍ത്തനത്തിലൂടെ നടപ്പിലാക്കുവാനാണ് ഉദ്ദേശിക്കുന്നത്. സ്‌കൂള്‍ – കോളേജ് വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, അധ്യാപകര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സാക്ഷരതാ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, എസ്.സി. / എസ്.റ്റി. പ്രൊമോട്ടര്‍മാര്‍, സന്നദ്ധ സേനാംഗങ്ങള്‍, എന്‍.എസ്.എസ്. വോളണ്ടിയര്‍മാര്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, എന്‍.സി.സി., സ്‌കൗട്ട് & ഗൈഡ്സ്, നെഹ്റു യുവ കേന്ദ്ര പ്രവര്‍ത്തകര്‍ തുടങ്ങിയവരെയും വിവിധ വകുപ്പുകളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയുമൊക്കെ ഏകോപിപ്പിച്ച് കൊണ്ടായിരിക്കും ഡിജിറ്റല്‍ സാക്ഷരതാ പ്രവര്‍ത്തനം നടത്തുന്നത്.

ഉത്ഘാടന പരിപാടിയില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഡിജി വോളണ്ടിയര്‍മാരായി രജിസ്‌ട്രേഷന്‍ നടത്തുകയുണ്ടായി. ഒരാഴ്ച്ച കൊണ്ട് മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഡിജി വോളണ്ടിയര്‍മാരായി രജിസ്‌ട്രേഷന്‍ നടത്തിക്കൊണ്ട് യൂണിവേഴ്‌സിറ്റി കോളേജിനെ ‘ഡിജി കേരളം’ പദ്ധതിയുടെ ഡിജി പാര്‍ട്ട്‌നര്‍ ആയി പ്രഖ്യാപിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതേ മാതൃകയില്‍ സംസഥാനത്തെ ഏത് വിദ്യാഭാസ സ്ഥാപനത്തെയും ഡിജി പാര്‍ട്ട്‌നര്‍ ആയി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ ജില്ലകള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും മുന്‍കൂര്‍ അനുമതിയോടെ ഏറ്റെടുക്കാവുന്നതാണ്.

സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ എ.ജി. ഒലീന ഡിജിറ്റല്‍ സാക്ഷരതാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഡീഷണല്‍ ഡയറക്ടര്‍ ബി.കെ. ബലരാജാ അധ്യക്ഷത വഹിച്ചു. കില സി എച്ച് ആര്‍.ഡി. കൊട്ടാരക്കര ഡയറക്ടര്‍ സുധ, ജോസ്‌നാമോള്‍, രേസ്യാമ്മ ആന്റണി, സജ്‌ന സത്താര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share this Article

Leave a Comment