കൊല്ലം: ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അന്വേഷണം പത്മകുമാറിലേക്ക് എത്തിച്ചത് മൂന്ന് കാര്യങ്ങളെന്ന് പോലീസ്. ഫോണ്‍ ഉപയോഗിക്കാതെ കുറ്റകൃത്യം നടത്തിയ പ്രതികളെ കണ്ടുപിടിക്കാന്‍ എല്ലാ പഴുതുകളും അടഞ്ഞപ്പോള്‍ ആറ് വയസുകാരിയും സഹോദരനും പറഞ്ഞ അടയാളങ്ങള്‍ വെച്ച് വരച്ച രേഖാചിത്രങ്ങളായിരുന്നു കേസിന്റെ ഗതി മാറ്റിയത്. എന്നാല്‍ അതിലും സംശയങ്ങള്‍ ഉയര്‍ന്നപ്പോഴാണ്
കുട്ടി പറഞ്ഞ ടോം ആന്‍ഡ് ജെറി കാര്‍ട്ടൂണിലേക്ക് പോലീസ് എത്തിയത്. അതു പോലെ തന്നെ കണ്ണനല്ലൂരിലെ പ്രാദേശിക പൊതുപ്രവര്‍ത്തകന്‍ നീല കാറില്‍ കുട്ടിയെ കണ്ടെന്ന് പങ്കുവച്ച സംശയവും പോലീസിന് കാര്യങ്ങള്‍ എളുപ്പമാക്കി.
അതേ സമയം മോചനദ്രവ്യം ആവശ്യപ്പെട്ട് വന്ന കോളിലെ സ്ത്രീ ശബ്ദം തിരിച്ചറിഞ്ഞത് പ്രാദേശിക കോണ്‍ഗ്രസ് നേതാവും പൊതുപ്രവര്‍ത്തകനുമായ സമദ് ആണ്. തന്റെ സുഹൃത്തിന്റെ ഫോണില്‍ കടമായി പണം ആവശ്യപ്പെട്ട മറ്റൊരു സ്ത്രീ വിളിച്ചിരുന്നുവെന്നും രണ്ട് ശബ്ദരേഖയും ഒന്നാണെന്ന് സമദിന് തോന്നിയ സംശയവുമാണ് രണ്ടാംപ്രതി അനിതയിലേക്ക് പോലീസിനെ എത്തിച്ചത്.
തുടര്‍ന്ന് പോലീസ് അനിതയുടെ വീട് തേടിയെത്തി. ഗേറ്റ് അടച്ചിട്ട നിലയിലായിരുന്നു. ഒരു ദിവസത്തെ പത്രവും മുറ്റത്ത് തന്നെ കിടക്കുന്നതിനാല്‍ ആളില്ലെന്ന് പോലീസിന് മനസ്സിലായി. കൂടതെ വീട്ടുമുറ്റത്ത് സ്വിഫ്റ്റ് കാറ് കൂടി കണ്ടതോടെ സംശയം ബലപ്പെട്ടു. കുട്ടി പറഞ്ഞ പോലെ വലിയൊരു വീടും വീട്ടിലൊരു നായയും ഉണ്ടായിരുന്നു. തുടര്‍ന്ന് പോലീസ് മൂവരുടേയും ഫോണ്‍ ട്രാക്ക് ചെയ്തു. അതിനു മുമ്പ് തന്നെ രേഖാചിത്രങ്ങളുമായി സാമ്യമുള്ളവരാണ് വീട്ടില്‍ താമസിക്കുന്നതെന്നും പോലീസ് തിരിച്ചറിഞ്ഞു.
മൂവരുടെയും ഫോണ്‍ പിന്തുടര്‍ന്ന് തെങ്കാശിയിലെ പുളിയറയിലെത്തിയ പൊലീസ് സംഘത്തിന് വേണ്ട മറ്റൊരു തെളിവുമായി മൂന്നാം പ്രതി അനുപമയുടെ കൈയ്യിലൊരു ടാബ് ഉണ്ടായിരുന്നു. ടോം ആന്‍ഡ് ജെറി കാര്‍ട്ടൂണുകള്‍ ഡൗണ്‍ലോഡ് ചെയ്‌തൊരു ടാബ്. കുട്ടിക്ക് കാണിച്ച് കൊടുത്തത് ടോം ആന്റ് ജെറി കാര്‍ട്ടൂണ്‍ ആണെന്ന് അറിഞ്ഞതോടെ പോലീസ് യൂട്യൂബിന് കത്തയച്ചു. തുടര്‍ന്ന് മറുപടിയായി അതേ ദിവസം തന്നെ യൂട്യൂബ് ലാപ്‌ടോപ്പിന്റെ ഐപി അഡ്രസ് എടുത്തു കൊടുത്തു. തെളിവുകളുടെ അടിസ്ഥാനത്തില്‍ തുടര്‍ച്ചയായ ചോദ്യങ്ങള്‍ക്കൊടുവില്‍ മൂന്ന് പേരും കുറ്റം സമ്മതിക്കുകയായിരുന്നു.