മധ്യപ്രദേശിലെ ജനങ്ങൾക്ക് നന്ദിയെന്ന് ശിവരാജ് സിംഗ് ചൗഹാൻ. വിജയത്തിന് സഹോദരി സഹോദരങ്ങളുടെ കാലുകളിൽ വണങ്ങുന്നു. ജനങ്ങളുടെ ആശീര്‍വാദവും ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വവും കാരണം വന്‍ ഭൂരിപക്ഷത്തോടെ ഭാരതീയ ജനതാ പാർട്ടി വീണ്ടും മധ്യപ്രദേശില്‍ സർക്കാർ രൂപീകരിക്കും. ബിജെപിയുടെ എല്ലാ സ്ഥാനാർത്ഥികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ എന്നാണ് മുഖ്യമന്ത്രി സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത്.
ഭരണം ഉറപ്പിച്ചതോടെ ഇനി മുഖ്യമന്ത്രി ആര് എന്ന ചോദ്യമാണ് ബി ജെ പിയിൽ ഉയരുന്നത്. ഇത്തവണ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെയായിരുന്നു ബി ജെ പി തിരഞ്ഞെടുപ്പിനെ നേരിട്ടത്. 2019 ൽ ഓപ്പറേഷൻ താമരയിലൂടെ ബി ജെ പി അധികാരം നേടിയെടുത്തപ്പോൾ തന്നെ ചൗഹാന് പകരം മറ്റ് പേരുകൾ ബി ജെ പി ആലോചിച്ചിരുന്നു.
എന്നാൽ, മുൻ മുഖ്യമന്ത്രിയും ജനകീയ മുഖമായ ശിവരാജ് സിംഗ് ചൗഹാനെ മാറ്റിനിർത്താനുള്ള നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ പാർട്ടിയിൽ ഒരുവിഭാഗം രംഗത്തെത്തിയതോടെയായിരുന്നു ചൗഹാനെ തന്നെ മുഖ്യമന്ത്രിയായി നിയമിച്ചത്.
അതേസമയം മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ ബിജെപി 137 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. 91 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. 230 സീറ്റുകളിലെ വോട്ടെണ്ണലാണ് പുരോഗമിക്കുന്നത്.