Newsperseconds.com

ചെന്നൈയില്‍ നാശം വിതച്ച് മൈചൗങ് ചുഴലിക്കാറ്റ്; കനത്ത മഴയില്‍ അഞ്ച് മരണം; സ്‌കൂളുകള്‍ക്കും ഓഫീസുകള്‍ക്കും ഇന്നും അവധി

Capture

ചെന്നൈ: മൈചൗങ് ചുഴലിക്കാറ്റ് ചെന്നൈയെയും സമീപ ജില്ലകളെയും നിര്‍ത്താതെ ആഞ്ഞടിച്ചു. മൈചൗങ് ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിച്ചതോടെ തമിഴ്‌നാട്ടിലും ആന്ധ്രയിലും അതീവജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. സ്‌കൂളുകള്‍ക്കും ഓഫീസുകള്‍ക്കും ഇന്നും അവധി പ്രഖ്യാപിച്ചു. മഴക്കെടുതിയില്‍ ഇതു വരെ 5 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

ഞായറാഴ്ച രാവിലെ മുതല്‍ 400 മുതല്‍ 500 മില്ലിമീറ്റര്‍ വരെ മഴ പെയ്തു. തീരദേശ മഹാനഗരത്തിലുടനീളം വീടുകളില്‍ വെള്ളം കയറുകയും കാറുകളും ബൈക്കുകളും നശിക്കുകയും ചെയ്തു. 2015-ല്‍ ‘ചെന്നൈ പ്രളയം’ നഗരത്തെ മുക്കിയപ്പോള്‍ 330 മില്ലിമീറ്റര്‍ മഴ ആയിരുന്നു പെയ്തിരുന്നത്.

തിങ്കളാഴ്ച വൈകുന്നേരം ചുഴലിക്കാറ്റ് ചെന്നൈയില്‍ നിന്ന് നീങ്ങാന്‍ തുടങ്ങിയപ്പോഴേക്കും, അണ്ണാ സാലൈ ഉള്‍പ്പെടെയുള്ള പല പാതകളും ജലപാതകളായി ചുരുങ്ങി. പാര്‍ക്ക് ചെയ്തിരുന്ന നിരവധി കാറുകള്‍ വെള്ളത്തിലൂടെ ഒലിച്ചു പോയി.

തിങ്കളാഴ്ച പുലര്‍ച്ചെ 3 മുതല്‍ വൈകിട്ട് 6 വരെ നിര്‍ത്താതെ പെയ്ത മഴയെത്തുടര്‍ന്ന് ചെന്നൈയിലെ എല്ലാ റോഡുകളിലും റെസിഡന്‍ഷ്യല്‍ ലോക്കേഷനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും ബസ് ടെര്‍മിനസുകളിലും ചെറിയ നദികള്‍ പോലെ വെള്ളം ഒഴുകി. നഗരത്തിലെ 17 സബ്വേകളും വെള്ളത്തിനടിയിലായി. വന്ദേ ഭാരത് അടക്കം 6 ട്രെയിനുകള്‍ കൂടി റദ്ദാക്കി. ചെന്നൈ -കൊല്ലം ട്രെയിനും റദ്ദാക്കിയതില്‍ ഉള്‍പ്പെടുന്നു.

Share this Article

Leave a Comment