ചാലക്കുടി: സമസ്ത നേതാവ് നാസര്‍ഫൈസി കൂടത്തായിയുടെ മിശ്രവിവാഹ പരാമര്‍ശത്തിന് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും മിശ്രവിവാഹ ബ്യൂറോയുമായി നടക്കുകയല്ലെന്നും ഇഷ്ടപ്പെട്ടവര്‍ തമ്മില്‍ വിവാഹം കഴിക്കുമെന്നും അത് തടയാന്‍ ആര്‍ക്കുമാവില്ലെന്നും മന്ത്രി പറഞ്ഞു. നവകേരള സദസിന്റെ ഭാഗമായി ചാലക്കുടിയില്‍ നടന്ന പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി മിശ്രവിവാഹ പരാമര്‍ശത്തെ കുറിച്ച് പറഞ്ഞത്.
മിശ്രവിവാഹങ്ങള്‍ എല്ലാ കാലത്തും നടക്കാറുണ്ട്. സ്വാഭാവികമായും കുടുംബങ്ങള്‍ പരാതി ഉയര്‍ത്തും. മിശ്രവിവാഹങ്ങള്‍ നടക്കുന്നത് പൊതുവായി സംഭവിക്കുന്ന ഒരു മാറ്റത്തിന്റെ ഭാഗമാണെന്നും എന്നാല്‍ അതിനെ തടയാന്‍ ഒരു കൂട്ടര്‍ക്കും ആവില്ലെന്നും മന്ത്രി വ്യക്തമാക്കി.
മിശ്രവിവാഹങ്ങള്‍ക്ക് സിപിഎം പ്രോത്സാഹനം നല്‍കുന്നുവെന്നും മഹല്ല് കമ്മിറ്റികള്‍ ജാഗ്രത പുലര്‍ത്തണമെന്നും നാസര്‍ ഫൈസി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഹിന്ദു മുസ്ലിം വിവാഹം നടന്നാല്‍ മതേതരത്വമാണെന്നാണ് സിപിഎം പ്രചരിപ്പിക്കുന്നതെന്നും സമൂഹത്തില്‍ മിശ്രവിവാഹങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്നുമുള്ള ഗുരുതര ആരോപണങ്ങളാണു് ഉന്നയിച്ചിരുന്നത്.