പാലക്കാട്: കശ്മീരില്‍ സോജില ചുരത്തില്‍ നിന്നുണ്ടായ വാഹനാപകടത്തില്‍ മരിച്ച പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ നാല് യുവാക്കളുടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. ചിറ്റൂര്‍ ടെക്നിക്കല്‍ സ്‌കൂളില്‍ മൃതദേഹങ്ങള്‍ രാവിലെ എട്ടുമണിവരെ പൊതുദര്‍ശനത്തിന് വെച്ചു. പിന്നീട് അവരവരുടെ വീടുകളിലെത്തിച്ച ശേഷം മറ്റുചടങ്ങുകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ചിറ്റൂര്‍ മന്തക്കാട് പൊതുശ്മശാനത്തിലെത്തിച്ച് സംസ്‌കരിക്കുകയായിരുന്നു. നാലുപേരുടെയും മൃതദേഹങ്ങളും ഒരുമിച്ചാണ് സംസ്‌കരിച്ചത്.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് മൃതദേഹങ്ങള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചത്. സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ ആണ് മൃതദേഹം എറ്റുവാങ്ങിയത്. പാലക്കാട് സ്വദേശികളായ അനില്‍, സുധീഷ്, രാഹുല്‍, വിഘ്നേഷ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. കൊച്ചിയില്‍ പ്രത്യേക വിമാനത്തില്‍ എത്തിച്ച മൃതദേഹങ്ങള്‍ ആംബുലന്‍സ് മാര്‍ഗമാണ് ചിറ്റൂരിലെത്തിച്ചത്.