Newsperseconds.com

ഹൈറിച്ച് തട്ടിപ്പ്; കേസ് അട്ടിമറിക്കാന്‍ മന്ത്രിമാരുടെ ഗൂഢാലോചന നടന്നതായി ആരോപണം; സ്വത്തുക്കള്‍ ജപ്തി ചെയ്യാന്‍ നടപടിയുമായി തൃശ്ശൂര്‍ ജില്ലാ കളക്ടര്‍

Untitled 1

തൃശൂര്‍ ആസ്ഥാനമായുള്ള ഹൈ റിച്ച് ഷോപ്പി കമ്പനിയുടെ ഉടമകളുടെ പേരിലുള്ള കോടിക്കണക്കിനു സ്വത്തുക്കള്‍ താല്‍ക്കാലികമായി ജപ്തി ചെയ്യാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്. 750 കോടി രൂപയുടെ നിക്ഷേപതട്ടിപ്പാണ് നടത്തിയിരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് അമിത പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കുകയും എന്നാല്‍ നിക്ഷേപകര്‍ ആവശ്യപ്പെട്ടിട്ടും പണം നല്‍കാതെ വഞ്ചനാകുറ്റം ചെയ്തിട്ടുള്ളതായി ബോധ്യപ്പെട്ടതിന്റെയും അടിസ്ഥാനത്തിലാണ് കളക്ടറുടെ ഉത്തരവ്. കളക്ടറുടെ നടപടിയിലൂടെ കേരളത്തിലെ ഏറ്റവും വലിയ തട്ടിപ്പിനാണ് വിലങ്ങ് വീണിരിക്കുന്നത്. തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ കൃഷ്ണതേജയാണ് ഉത്തരവിറക്കിയത്.

ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ പ്രതാപനെ ഡിസംബര്‍ ഒന്നിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കാസര്‍ഗോഡ് ജിഎസ്ടി ഇന്റലിജന്‍സ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് വന്‍ ജി.എസ്.ടി വെട്ടിപ്പ് പുറത്തു വന്നത്. 703 കോടി രൂപയുടെ വിറ്റുവരവ് മറച്ചു വെച്ചതിലൂടെ 126.54 കോടി രൂപ നികുതി വെട്ടിപ്പാണ് ഹൈറിച്ച് നടത്തിയിരിക്കുന്നത്.

മള്‍ട്ടി ലവല്‍ മാര്‍ക്കറ്റിങ് മോഡലിലുള്ള ഒരു ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമാണ് ഹൈറിച്ച് ഷോപ്പി. ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് കമ്പനിയുടെ ഇടപാടുകള്‍. അന്വേഷണത്തിന്റെ ഭാഗമായി കമ്പനിയുടെയും പ്രതികളുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള നടപടികളും ജി.എസ്.ടി വിഭാഗം ആരംഭിച്ചിട്ടുണ്ട്.

അതേ സമയം, ഇത്രയും വലിയ മണിചെയിന്‍ തട്ടിപ്പിനെ ജിഎസ്ടി വെട്ടിപ്പ് മാത്രമാക്കി മാറ്റി പ്രതികളെ രക്ഷിക്കാന്‍ മന്ത്രിതല ഗൂഢാലോചന നടന്നെന്ന് മുന്‍ എം.എല്‍.എയും കെ.പി.സി.സി നിര്‍വാഹകസമിതി അംഗവുമായ അനില്‍ അക്കരെ ആരോപിച്ചു. മന്ത്രി കെ രാജന്റെ ഇടപെടലിലൂടെ അടിയന്തരമായി നടപ്പാക്കേണ്ട ഉത്തരവ് നിര്‍ത്തിവെക്കേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജി എസ്ടി റെയ്ഡിനു പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും 750 കോടി രൂപയുടെ വമ്പന്‍ തട്ടിപ്പ് ധനകാര്യമന്ത്രി അറിയാതെ ജിഎസ്ടി വകുപ്പ് ഇത്തരത്തിലൊരു നടപടി സ്വീകരിക്കില്ല. പ്രതികളുടെ സ്വത്ത് മരവിപ്പിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം കഴിഞ്ഞ ഒരു മാസമായി തൃശ്ശൂര്‍ കലക്ട്രേറ്റില്‍ പൂഴ്ത്തി വെയ്ക്കില്ലന്നും അദ്ദേഹം പറഞ്ഞു. അതു കൊണ്ട് തന്നെ മന്ത്രിമാരായ കെ. എന്‍ ബാലഗോപാല്‍, കെരാജന്‍ എന്നിവര്‍ക്കെതിരെ വിശദമായ അന്വേഷണം വേണമെന്നും അനില്‍ അക്കര ആവശ്യപ്പെട്ടിട്ടുണ്ട്.

Share this Article

Leave a Comment