തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ഷഹാനയുടെ ആത്മഹത്യ കേസില്‍ അറസ്റ്റിലായ പ്രതി ഡോ റുവൈസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം സ്‌പെഷ്യല്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
അതേ സമയം, റുവൈസിന്റെ ബന്ധുക്കളേയും പോലീസ് ചോദ്യം ചെയ്യും. റുവൈസിന്റെ അച്ഛനാണ് സ്ത്രീധനം ചോദിക്കാന്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്നും റുവൈസ് നിരന്തരമായി സ്ത്രീധനത്തെ കുറിച്ച് ചോദിച്ച് ഷഹാനയെ മാനസികമായി തളര്‍ത്തിയിട്ടുണ്ടെന്നും ഷഹാനയുടെ ബന്ധുക്കള്‍ മൊഴി നല്‍കിയിരുന്നു. കൂടാതെ റുവൈസും കുടുംബവും വിവാഹത്തില്‍ നിന്ന് പിന്മാറുകയും വാട്‌സാപ്പില്‍ ഷഹാനയെ ബ്ലോക്ക് ചെയ്യുകയും ചെയ്തതോടെ ഷഹാന ആത്മഹത്യ ചെയ്തതാണെന്നും ബന്ധുക്കള്‍ പറഞ്ഞു.
ഡോക്ടര്‍ ഷഹാന ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് അറിഞ്ഞിട്ടും റുവൈസ് തടയാനോ സംസാരിക്കാനോ നിന്നില്ല. സന്ദേശം എത്തിയതിന് പിന്നാലെ 9 മണിയോടെ റുവൈസ് ഷഹാനയുടെ നമ്പര്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇത് ഷഹാനയുടെ മനോനില കൂടുതല്‍ തകര്‍ക്കാന്‍ ഇടയാക്കിയിട്ടുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. അതീവ ഗൗരവമുള്ള കുറ്റമാണ് പ്രതി ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു.