ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ സന്ദര്‍ശക ഗാലറിയില്‍ നിന്ന് രണ്ട് പേര് താഴോട്ട് ചാടിയ സംഭവത്തില്‍ ഒരു യുവതിയടക്കം നാലു പേര് പോലീസ് കസറ്റഡിയില്‍. രണ്ട് പേര് ഉള്ളിലും ഒരു സ്ത്രീയും പുരുഷനും പുറത്തുമായിരുന്നു ഉണ്ടായിരുന്നത്. പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് മഞ്ഞകലര്ന്ന പുക പുറന്തള്ളുന്ന ക്യാനുകളുമായി രണ്ട് പേര് പ്രതിഷേധിച്ചത്. 4 പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു.
നീലം (42), അമോല്‍ ഷിന്‍ഡെ (25) എന്നിവരെയാണ് ട്രാന്‍സ്പോര്‍ട്ട് ഭവനു മുന്നില്‍ നിന്ന് പിടികൂടിയതെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പാക്കിസ്ഥാന് ആസ്ഥാനമായുള്ള ലഷ്കര്‍-ഇ-തൊയ്ബ, ജെയ്ഷെ മുഹമ്മദ് എന്നീ സംഘടനകളുടെ ഭീകരര്‍ 2001-ല്‍ ഈ ദിവസം പാര്‍ലമെന്റ് കോംപ്ലക്സ് ആക്രമിച്ചിരുന്നു. പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തിലാണ് പുതിയ പാര്‍ലമെന്റില്‍ വലിയ സുരക്ഷാ വീഴ്ചയുണ്ടായത്.
സന്ദര്‍ശകരായി ഗാലറിയില്‍ നിന്നാണ് ഇരുവരും നടുത്തളത്തിലേക്ക് ചാടിയത്. ഖലിസ്ഥാന്‍ വാദികളെന്നാണ് സംശയിക്കുന്നത്. ഇവര്‍ മഞ്ഞ നിറത്തിലുള്ള പുകയുള്ള കളര്‍ പോപ്അപ്പ് കത്തിച്ചു. ഭരണകക്ഷി എം.പിമാര്‍ ഇരിക്കുന്ന ഭാഗത്തേക്കാണ് അക്രമികള്‍ ചാടിയത്. ഉത്തര്‍പ്രദേശ് സ്വദേശികളെന്നാണ് സൂചന.