ചലച്ചിത്ര അക്കാദമിയിൽ സമാന്തര യോഗം ചേർന്നില്ലെന്ന രഞ്ജിത്തിന്റെ വാദം തെറ്റെന്ന് തെളിയിക്കുന്ന സമാന്തര യോഗത്തിന്റെ മിനുട്സ് പുറത്ത്. യോഗത്തിൽ പങ്കെടുത്തത് കുക്കു പരമേശ്വരൻ ഉൾപ്പെടെ 9 പേര്. സമാന്തര യോഗം സംബന്ധിച്ച അക്കാദമി ചെയര്‍മാന്‍ സംവിധായകന്‍ രഞ്ജിത്തിന്റെ വാദം ശരിയല്ലെന്നാണ് രേഖ പറയുന്നത്. യോഗത്തിൽ കുക്കുവും സോഹനും പങ്കെടുത്തത് ഓൺ ലൈനിലൂടെ. യോഗത്തിൽ പരാതി ഉന്നയിച്ച കുക്കുവിനോട് ജോലി അവസാനിപ്പിച്ചു വീട്ടിൽ പോകാൻ ചെയര്‍മാന്‍ പറഞ്ഞതായും മിനുട്സില്‍ പറയുന്നു.
കുക്കുവും സോഹനും പങ്കെടുത്തില്ല എന്നായിരുന്നു രഞ്ജിത് മുൻപ് അവകാശപ്പെട്ടത്. വിമത യോഗം ചേർന്നു എന്ന വാർത്തയും ചെയർമാൻ തള്ളിയിരുന്നു. ഇത് തെറ്റാണ് എന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന മിനുട്സിലൂടെ വ്യക്തമാകുന്നത്..
അതേസമയം, രഞ്ജിത്തിനെതിരെ നിരവധി പരാതികൾ കിട്ടിയിട്ടുണ്ട്. 23 ന് ശേഷം ഇക്കാര്യത്തിൽ നടപടിയെടുക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചു. പരാതിക്കാരെ വിളിച്ചു വരുത്തി അവർക്ക് പറയാനുള്ളത് കേൾക്കും. രഞ്ജിത്തിനേയും കേൾക്കും. ഏത് സാഹചര്യത്തിലാണ് മോശം പരാമർശം നടത്തിയതെന്ന് ചോദിക്കുമെന്നും മന്ത്രി പറഞ്ഞു.